ന്യൂദല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജിയില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റില്‍ വിവാഹം ഉള്‍പ്പെടുന്നു. നിയമനിര്‍മ്മാണ പരിധിയില്‍ വരുന്നതിനാല്‍ ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചന ആവശ്യമാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.
വിഷയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായതിനാല്‍ നിലവിലെ നടപടികളില്‍ സംസ്ഥാനങ്ങളെ കക്ഷിചേര്‍ക്കണം, അവരുടെ നിലപാട് രേഖപ്പെടുത്തണം. സംസ്ഥാനങ്ങളെ കക്ഷിയാക്കാതെ, ഈ വിഷയത്തില്‍ അവരുടെ അഭിപ്രായം പ്രത്യേകമായി തേടാതെ എടുക്കുന്ന ഏതൊരു തീരുമാനവും വിധി അപൂര്‍ണ്ണമാക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കണമെന്നും അവരുടെ അഭിപ്രായങ്ങള്‍ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ്ഗവിവാഹം നഗരങ്ങളിലെ വരേണ്യവിഭാഗത്തിന്റെ സങ്കല്‍പമെന്ന് കാണിക്കുന്ന ഒരു വിവരവും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലെന്നും വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരില്‍ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി.
സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയില്‍ വ്യാഖ്യാനിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യവിഭാഗത്തിന്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഹര്‍ജിക്കാരുടെ വാദം കേള്‍ക്കല്‍ ഇന്നും തുടരും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ്. രവീന്ദ്രഭട്ട്, പിഎസ്. നരസിംഹ, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: