ന്യൂദല്‍ഹി: കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും കടന്നാക്രമിക്കുമ്പോഴും പ്രതികരിക്കാതെ പ്രവൃത്തികളിലൂടെ തിരിച്ചടിക്കുകയാണ് അദാനി. ഇന്ത്യയിലെ മൂന്ന് മ്യൂച്വല്‍ ഫണ്ടുകളിലെ ബോണ്ടുകളിലും ഈടുകളിന്മേലും കൊടുത്തുതീര്‍ക്കേണ്ട 300 കോടി ഡോളര്‍ അദാനി തിരിച്ചടച്ചു.
നിക്ഷേപകരുടെയും ബിസിനസുകാരുടെയും വിശ്വാസം കൃത്യമായ നടപടികളിലൂടെ തിരിച്ചുപിടിക്കുക എന്നതില്‍ മാത്രമാണ് അദാനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മാസം ഓഹരികളിന്മേല് എടുത്ത 7,374 കോടിയുടെ വായ്പ അദാനി തിരിച്ചടച്ചിരുന്നു. അതുപോലെ വാണിജ്യപേപ്പറുകളിന്മേല് വാങ്ങിയിട്ടുള്ള 3650 കോടി രൂപയും തിരിച്ചടച്ചിരുന്നു.
ഇതിനിടെ ജാര്‍ഖണ്ഡിലെ ഗോദ്ദയിലെ വൈദ്യുത പ്ലാന്റില്‍ നിന്നും ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണവും അദാനി ഗ്രൂപ്പ് ആരംഭിച്ചുകഴിഞ്ഞു. ഗൊദ്ദയില്‍ സ്ഥാപിച്ച 800 മെഗാവാട്ട് താപവൈദ്യുത നിലയത്തില്‍ നിന്നാണ് അദാനി പവര്‍ വൈദ്യുതി നല്‍കുന്നത്. ഇപ്പോള്‍ ഡീസല്‍ പ്ലാന്റുകളില്‍ നിന്നും വൈദ്യുതി ഉപയോഗിക്കുന്ന ബംഗ്ലാദേശിന് വൈദ്യുതി ചെലവുകള്‍ കുത്തനെ കുറയ്ക്കാന്‍ ഇതുവഴി കഴിയും. ഇന്ത്യ-ബംഗ്ലാദേശ് ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമായുള്ളതാണ് ഗൊദ്ദ താപവൈദ്യുത നിലയമെന്ന് അദാനി പവര്‍ സിഇഒ ഖൈയാലിയ പറഞ്ഞു.
കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലെ കാരയ്ക്കല്‍ തുറമുഖവും 1485 കോടി രൂപ നല്കി അദാനി ഏറ്റെടുത്തിരുന്നു. കാരയ്ക്കല്‍ തുറമുഖം അദാനി ഏറ്റെടുത്തതിനെതിരെ ചില കോണ്‍ഗ്രസ് അനുയായികള്‍ പ്രതിഷേധ പ്രകടനവുമായി വന്നെങ്കിലും സമരക്കാരെ പൊലീസ് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: