ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഷിംലയിലെ നാഷണല്‍ അക്കാദമി ഓഫ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഇന്ന് സന്ദര്‍ശിക്കുകയും ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിക്കുകയും ചെയ്തു. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും (സിഎജി) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
പരമോന്നത ഓഡിറ്റ് സ്ഥാപനത്തിന്റെ പങ്ക് മേല്‍നോട്ടം നല്കുന്നതില് മാത്രമല്ല, നയരൂപീകരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന സിഎജിയും അതിന്റെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും ഈ രണ്ട് ലക്ഷ്യങ്ങളും ഫലപ്രദമായി പിന്തുടരുന്നു. ഭരണഘടനയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രനിര്‍മ്മാണത്തിനായുള്ള അഖണ്ഡതയോടും പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
ഓഡിറ്റ് പ്രക്രിയയുടെ ഡിജിറ്റലൈസേഷനെ കുറിച്ച് സംസാരിക്കവെ, വണ്‍ ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് വണ്‍ സിസ്റ്റം അടുത്തിടെ ആരംഭിച്ചത് പ്രശംസനീയമായ സംരംഭമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബ്ലോക്ക്ചെയിനുകള്‍, ഡാറ്റ അനലിറ്റിക്സ്, വെര്‍ച്വല്‍ ഓഡിറ്റ് റൂമുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സുതാര്യതയും നിര്‍വഹണവും നടപ്പാക്കാന്‍ വ്യാപകമായി ഉപയോഗിക്കാനാകും.
എന്നാല്‍ സാങ്കേതികവിദ്യയ്ക്ക് മനുഷ്യന്റെ ഇടപെടലിന്റെ ആവശ്യകതയെ ഇല്ലാതാക്കാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോഴും നയങ്ങള്‍ നടപ്പിലാക്കുമ്പോഴും മാനുഷികതയും രാജ്യത്തെയും പൗരന്മാരെയും സംബന്ധിക്കുന്ന വിഷയങ്ങളോടുള്ള സംവേദനക്ഷമതയുടെ മൂല്യം മനസ്സിലാക്കാനും അവര്‍ യുവ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.
പിഴവുകള്‍ കണ്ടെത്തുന്നതിന് മാത്രമല്ല നടപടിക്രമങ്ങളും നയങ്ങളും മെച്ചപ്പെടുത്തുകയാണ് ഓഡിറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. അതിനാല്‍, ഓഡിറ്റ് ശുപാര്‍ശകള്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് പൊതു സേവനങ്ങള്‍ പരിഷ്കരിക്കാനും പൗരന്മാര്ക്ക് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കും രാജ്യത്തെ പൗരന്മാരുടെ ക്ഷേമം എപ്പോഴും മനസ്സില്‍ സൂക്ഷിക്കാനും അവരോടുള്ള സമീപനത്തില്‍ നീതി ഉറപ്പാക്കാനും രാഷ്ട്രപതി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് ഓഫീസര്‍മാരോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: