കൊച്ചി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തന്റെ ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്‌തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ നടപടി. വ്യാജ വാര്‍ത്തയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മതവിശ്വാസത്തേയും വ്രണപ്പെടുത്തിയെന്ന ആരോപിച്ച് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എം.എം. യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചു. സുപ്രീംകോടതി അഭിഭാഷകന്‍ നിഖില്‍ റോത്തകി മുഖേനെയാണ് നോട്ടീസ് അയച്ചത്.
മാര്‍ച്ച് ആറിന് മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്. ഏകീകൃത സിവില്‍ കോഡ് ആവശ്യമെന്നാണ് യൂസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെയാണ് മറുനാടന്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫലി ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചു എന്നാണ് വീഡിയോയുടെ ഉള്ളടക്കം.
എന്നാല്‍ താന്‍ രണ്ടാമത് വിവാഹം കഴിച്ചിട്ടില്ല. വീഡിയോയില്‍ പറയുന്നത് വ്യാജമാണെന്നും തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്നവയാണ് ഇതെന്നും യൂസഫലി അയച്ച വക്കീല്‍ നോട്ടീസില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് യൂസഫ് അലിക്കും, ലുലു ഗ്രൂപ്പിനും, അതിലെ തൊഴിലാളികള്‍ക്കും പൊതു സമൂഹത്തില്‍ വലിയ അവമതിപ്പ് ഉണ്ടാക്കി.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിന് ഉള്ളില്‍ പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം എന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറുനാടന്‍ മലയാളിയുടെ ഫേസ്ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഇതിന് പുറമെയാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതില്‍ വീഴ്‌ച്ച ഉണ്ടായാല്‍ സിവില്‍ ആയും, ക്രിമിനല്‍ ആയും ഉള്ള നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
അതിനിടെ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്ന പരാമര്‍ശത്തില്‍ ഷാജന്‍ സ്‌കറിയ മാപ്പ് പറഞ്ഞു. മറുനാടന്‍ മലയാളി യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് ക്ഷമാപണം നടത്തിയത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ബോധപൂര്‍വ്വമല്ല ആരോപണം ഉന്നയിച്ചത്. അതിനാല്‍ അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: