തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കൈവശമുള്ള 25 ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള തൃക്കടവൂര്‍ ശിവരാജുവിനെ ഗജരാജരത്‌നം പട്ടം നല്കി ആദരിച്ചു. നന്തന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ശിവരാജുവിന്റെ ഒന്നാംപാപ്പാന്‍ മനോജിന് ഗജരാജരത്‌നം പട്ടം കൈമാറി. ദേവസ്വംബോര്‍ഡ് മുദ്ര ആലേഖനം ചെയ്ത പട്ടം മനോജ് ശിവരാജുവിന്റെ കഴുത്തില്‍ ചാര്‍ത്തി. നെറ്റിപ്പട്ടം ചാര്‍ത്തി കഴുത്തില്‍ പൂമാലയണിഞ്ഞ് കൊമ്പുകളില്‍ പൊന്നാടയും ചുറ്റി തിടമ്പേറ്റി തലയുയര്‍ത്തിനിന്ന ശിവരാജു ചുറ്റും കൂടിനിന്ന ആനപ്രേമികളെ തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം നല്കി.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ആഡിറ്റോറിയത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കവി പ്രൊഫ. വി. മധുസൂദനന്‍നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി. തൃക്കടവൂര്‍ ശിവരാജുവിന്റെ പാപ്പാന്‍മാരായ ഗോപാലകൃഷ്ണന്‍, മനോജ്, അനീഷ് എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ആദരിച്ചു. ദേവസ്വംബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ബോര്‍ഡ്‌മെമ്പര്‍ അഡ്വ. എസ്.എസ്. ജീവന്‍ അധ്യക്ഷനായി.
സെക്രട്ടറി എസ്. ഗായത്രീദേവി, കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍, വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പി ടി.കെ. സുബ്രഹ്മണ്യന്‍, സി.എന്‍. രാമന്‍, നാരായണഭട്ടതിരി, എസ്.ഹീരലാല്‍, ശ്രീകുമാര്‍, ഒ.ജി. ബിജു, എസ്. സുഷമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘ആനപരിപാലനം-ചട്ടങ്ങളും പ്രയോഗരീതിയും’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ഗജരാജരത്‌നം തൃക്കടവൂര്‍ ശിവരാജു.
കേരളത്തില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനം ശിവരാജുവിനാണ്. സ്വകാര്യ ക്ഷേത്രങ്ങളും സംഘടനകളും ശിവരാജുവിന് നിരവധി പട്ടങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് ആദ്യമായാണ് പട്ടം നല്കുന്നത്. ഒരെഴുന്നള്ളത്തിന് രണ്ടര ലക്ഷം രൂപയാണ് ശിവരാജുവിന്റെ ഏക്കം. ഒന്നില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ ഗജ ക്ഷേമനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക ലേലം പിടിച്ച് നല്കുന്നവര്‍ക്ക് ആനയെ നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: