ബംഗളുരു : കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ആസ്തി 68 ശതമാനം വര്‍ധിച്ചു. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2018ലെ സത്യവാങ്മൂലവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ദ്ധന.ശിവകുമാര്‍ തന്റെയും കുടുംബാംഗങ്ങളുടേയും ആകെ ആസ്തിയായി പ്രഖ്യാപിച്ചത് 1414 കോടി രൂപയാണ്.
2013ല്‍ ശിവകുമാറിന്റെ ആസ്തിയുടെ മൂല്യം 251 കോടി രൂപയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018ല്‍ അദ്ദേഹവും കുടുംബവും കൈവശം വച്ചിരുന്ന സ്വത്തിന്റെ ആകെ മൂല്യം 840 കോടി രൂപയായിരുന്നു. 2023ല്‍ കുത്തനെയുള്ള വര്ധന് കാണിക്കുമ്പോള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡികെ ശിവകുമാറിന്റെ ആസ്തിയില്‍ 68 ശതമാനം വളര്‍ച്ചയാണുണ്ടായതെന്ന് കാണാം.
തനിക്ക് 12 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അവയില്‍ ചിലത് സഹോദരന് ഡികെ സുരേഷ് സംയുക്തമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് പുറമെ ശിവകുമാറിന് 225 കോടി രൂപ വായ്പയുണ്ടന്നും സത്യവാങ്മൂലത്തിലുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ ഒരു ടൊയോട്ട കാര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ, അതിന് 8,30,000 രൂപ വില കാണിച്ചിട്ടുണ്ട്.
തന്റെ വാര്‍ഷിക വരുമാനം 14.24 കോടിയും ഭാര്യയുടെ വാര്‍ഷിക വരുമാനം 1.9 കോടിയുമാണെന്നും പറയുന്നുണ്ട്. ഏഴ് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഡികെ ശിവകുമാര്‍ ഇത്തവണ കോണ്‍ഗ്രസ ഭരണത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: