ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ശശിധരന് നായരുടെ എണ്‍പതാം ജന്മദിനവും ശശിധരന് നായര്‍ – പൊന്നമ്മ നായര്‍ ദമ്പതികളുടെ 50 മത് വിവാഹ വാര്‍ഷികവും വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി നടത്തി
ഹൂസ്റ്റണിലെ ജിഎസ്എച് ഇവന്റ് സെന്ററില്‍ ജന്മദിനവും വിവാഹ സുവര്‍ണ ജൂബിലിയും വര്ണപ്പകിട്ടാക്കാന് നിരവധി സുഹൃത്തുക്കളും പൗരപ്രമുഖരുമാണ് എത്തിച്ചേര്‍ന്നത്.
തുടര്‍ച്ചയായ ആറുമണിക്കൂര്‍ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികള്‍, വിഭവ സമൃദ്ധമായ ഡിന്നര്‍, പൗര പ്രമുഖരുടെ ആശംസ പ്രവാഹം, പൊന്നാട ചാര്‍ത്തല്‍, മെമന്റൊകള്‍ തുടങ്ങി ആഘോഷ രാവിനെ മികവുറ്റതാക്കാന്‍ വര്്ണപ്പകിട്ടാര്ന്ന പരിപാടികളാണ് ഒരുക്കിയത്.
എവെന്റ്റ് സെന്റര്‍ മൈതാനത്തെ രാജവീഥിയാക്കി മാറ്റി, രാജ പ്രമുഖനെ പോലെ കുതിരവണ്ടിയില്‍ (അശ്വരഥത്തില്) എത്തിച്ചേര്‍ന്ന ശശിധരന് നായര്‍. പിന്നെയെല്ലാം സുഹൃത്താകള് ഏറ്റെടുത്തു. ചെണ്ടമേളത്തിന്റെ താള കൊഴുപ്പോടു കൂടി നിരവധി പെണ്‍കുട്ടികള്‍ അണിനിരന്ന നൃത്തങ്ങളുടെ അകമ്പടിയോടെ, ആര്‍പ്പുവിളി കളോടെ വേദിയിലേക്ക് ആനയിച്ചു.തൊട്ടു പുറകെ പല്ലക്കില്‍ എഴുന്നെള്ളിയ പൊന്നമ്മ നായര്‍…
പ്രഗത്ഭ ഗായകരെ അണിനിരത്തി സംഗീതനിശ, കലാപരിപാടികള്‍, അമേരിക്കയിലെ പ്രമുഖ വ്യക്തികളുടെ ആശംസ പ്രസംഗങ്ങള്‍ തുടങ്ങിയവ ആഘോഷരാവിന് മികവ് നല്കി . എംസിമാരായ അനില്‍ ജനാര്‍ദ്ദനനും ലക്ഷിമി പീറ്ററും തങ്ങളുടെ സ്വതസിദ്ധമായ വാഗ്ദ്ധോരണിയാല്‍ ആഘോഷ രാവിനെ കൊഴുപ്പിച്ചുകൊണ്ടിരുന്നു
അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, സാമൂദായിക രംഗത്തെ നിറസാന്നിധ്യമാണ് സുഹൃത്തുക്കളുടെ ‘ശശിയണ്ണന്’.1943 ഏപ്രില്‍ 28 നു ജനിച്ച ശശിധരന് നായര്‍ എംഎസ് സി ബിരുദധാരിയാണ് (എംഎസ് യൂണിവേഴ്സിറ്റി ബറോഡ)1973 ഏപ്രില്‍ 23 നായിരുന്നു വിവാഹം. 1977 ലാണ് അമേരിക്കയില്‍ അദ്ദേഹം എത്തുന്നത്. 1979 ല്‍ നോര്‍ത്ത് ഷോര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന് തുടക്കമിട്ടു. എം ഡി ആന്ഡേഴ്സണ് കാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ടെക്നോളോജിസ്റ്റായാരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് റീയല്‍റ്റര്‍ മേഖലയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു. ആ മേഖലയിലും വിജയക്കൊടി പാറിയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബിസിനസ് രംഗത്ത് സുപ്രീം ഹെല്‍ത്ത് കെയര്‍, ഫ്രണ്ട്ലി സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ്, സുപ്രീം ഗ്രാനൈറ്റ്, അസ്പിനോ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളുടെ പ്രസിഡണ്ട് ആന്‍ഡ് ആന്‍ഡ് സിഇഓയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സാഗാ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സിഇഓ മായി ബിസിനസ് രംഗത്തു സജീവമായി ഉണ്ട്.
സഹധര്‍മ്മിണി പൊന്നമ്മ നായര്‍ (സുഹൃത്തുക്കളുടെ പൊന്നമ്മ ചേച്ചി) 1975 ല്‍ ലണ്ടനില്‍ നിന്നും ഹൂസ്റ്റനടുത്ത് (പോര്‍ട്ട് ആര്‍തര്‍) എത്തിച്ചേര്‍ന്നു. 1979 ല്‍ ഹൂസ്റ്റണില്‍ അന്നുണ്ടായിരുന്ന സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ആരംഭിച്ചു. 1981 മുതല്‍ എംഡി ആന്ഡേഴ്സണ് ഹോസ്പിറ്റലിലും ഹാരിസ് ഹെല്ത്തിലുമായി ജോലി ചെയ്തു. തുടര്‍ന്നു ബിസിനസ് രംഗത്തു ഇദ്ദേഹത്തിന് എന്നും കരുത്തും പിന്തുണയും നല്കി പോരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളായ ‘ഫോമ’യുടെ സ്ഥാപക നേതാവും സ്ഥാപക പ്രസിഡണ്ടുമായ ശശിധരന് നായര്‍ ഫൊക്കാനയുടെ പ്രസിഡറുമായും പ്രവര്‍ത്തിച്ചു. രണ്ടു സംഘടനകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിയ്ക്കുവാന്‍ അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് ഇദ്ദേഹം. അടുത്തയിടെ ആരംഭിച്ച
‘മന്ത്ര’യുടെ സ്ഥാപകനും (മലയാളീ അസോസിയേഷന് ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) കൂടിയാണ് ഇദ്ദേഹം. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യ്ക്കും പ്രസിഡണ്ടായി നേതൃത്വം നല്കി. ഹൂസ്റ്റണിലെ ആദ്യകാല മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന് (കെസിഎ) സ്ഥാപക നേതാവായ ഇദ്ദേഹം മലയാളി അസോസിയഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ പ്രസിഡന്റും കൂടിയാണ്. മാഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ശശിധരന് നായര്‍ നല്കി വരുന്നത്.
കേരള ഹിന്ദു സൊസൈറ്റിയുടെയും ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെയും പ്രസിഡണ്ടായും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.കേരളത്തിലും അമേരിക്കയിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി വരുന്നു.
കോഴഞ്ചേരി മേലുകര മനക്കല് കുടുംബാംഗമായ ശശിയണ്ണന് അമേരിക്കയിലെ കോഴഞ്ചേരി സ്വദേശികളുടെ കൂട്ടായ്യയായ ‘കോഴഞ്ചേരി സംഗമത്തിന്റെ’ സ്ഥാപക പ്രസിഡന്റാണ്. പൊന്നമ്മ ചേച്ചി കോഴഞ്ചേരി ഇലന്തൂര്‍ കോലേലില്‍ കുടുംബാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: