ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് ദല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്. മുകുള്‍ റോയിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭര്‍ഗ്ഷു റോയ് പരാതി നല്‍കിയതിന് പിന്നാലെയാണ് മുകുള്‍ റോയ് തിങ്കളാഴ്ച രാത്രിയോടെ ദല്‍ഹിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ദല്‍ഹിയിലേക്ക് തിരിച്ച മുകുള്‍ റോയിയെ കാണാനില്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത വിമാനത്താവള പോലീസ് സ്റ്റേഷനിലാണ് സുഭര്‍ഗ്ഷു പരാതി നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച രാത്രി 9.55 ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ മുകുള്‍ റോയ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ദല്‍ഹിയിലേക്ക് വന്നത് സംബന്ധിച്ചുള്ള മാധ്യമ പ്രര്‍ത്തകരുടെ ചോദ്യത്തിന് താന്‍ വര്‍ഷങ്ങളോളം പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അങ്ങിനെയുള്ള തനിക്ക് ദല്‍ഹിയില്‍ വരുന്നതിനുള്ള തടസ്സമെന്താണ് എന്ന് മുകുള്‍ റോയ് മറുചോദ്യം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ തിങ്കാളാഴ്ച മുകുള്‍ റോയിയും മകനും തമ്മില്‍ വഴക്കുണ്ടായതായി ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മുകുള്‍ റോയി കഴിഞ്ഞ ഒന്നരവര്‍ഷമായി രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
തൃണമൂലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നു. പിന്നീട് 2017ല്‍ ബിജെപി വിട്ട്, നാല് വര്‍ഷത്തിന് ശേഷം വീണ്ടും ടിഎംസി പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: