ന്യൂദല്‍ഹി : കണ്ണൂര്‍ സര്‍വ്വകലാശാല െൈവസ് ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേരള സര്‍ക്കാര്‍. ചില അനുകൂല നിലപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം എന്ന വാദം അടിസ്ഥാനരഹിതമാണ്. വിസി സ്ഥാനത്തേയ്ക്ക് പുനര്‍നിയമനം നേടാനുള്ള എല്ലാ അര്‍ഹതയും ഗോപിനാഥ് രവീന്ദ്രനുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.
ജസ്റ്റിസ് മാരായ വി. രാമസുബ്രഹ്മണ്യം, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവരാണ് പുനഃനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
2018 ലെ യുജിസി ചട്ടങ്ങളുടേയും, കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് പുനര്‍നിയമനം നടത്തിയിരിക്കുന്നത്. പുനര്‍നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതില്ല. ഇക്കാര്യം കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
അതേസമയം യുജിസി ചട്ടങ്ങള്‍ പ്രകാരമല്ല വിസി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണര്‍ ഇതിനെതിരെ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും ചാന്‍സലറുടെ അധികാരം കവര്‍ന്നുവെന്ന വാദം തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറയിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ ആണ് സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി ഗോപിനാഥ് രവീന്ദ്രനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുജിസി ചട്ടം പാലിച്ചാണ് തന്നെ ആദ്യം കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായി നിയമിച്ചത്. പുനര്‍ നിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ല. പ്രായപരിധി പുനര്‍ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാല്‍ തനിക്ക് പുനര്‍ നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഗോപിനാഥ് രവീന്ദ്രന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: