കുറെക്കാലം നീണ്ടുനിന്ന നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തമിഴ്നാട്ടിലുടനീളം ആര്‍എസ്എസ് വാര്‍ഷിക പഥസഞ്ചലനം നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി കിട്ടിയത് ദേശീയ പ്രസ്ഥാനങ്ങളോട് ഡിഎംകെ ഭരണകൂടം പുലര്‍ത്തുന്ന ശത്രുതാപരവും നിയമവിരുദ്ധവുമായ സമീപനത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ തടയാന്‍ എല്ലാ കുതന്ത്രങ്ങളും പുറത്തെടുത്ത എം.കെ. സ്റ്റാലിന് നേതൃത്വം നല്കുന്ന ഡിഎംകെ സര്‍ക്കാരിന്റെ നടപടികളാണ് കേസ് സുപ്രീംകോടതിയിലെത്തിച്ചത്. കോടതിയുടെ തീരുമാനപ്രകാരം തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ അന്‍പതോളം പഥസഞ്ചലനങ്ങള്‍ നടന്നതോടെ ഭരണഘടനയും നിയമവും പൗരന്മാര്ക്ക് അനുവദിക്കുന്ന സംഘടനാ സ്വാതന്ത്ര്യത്തിന്റെ വിജയം ആഘോഷിക്കപ്പെടുകയായിരുന്നു. എല്ലാവര്‍ഷവും വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടത്താറുള്ളതാണ്. സമീപകാലത്ത് കൊവിഡ് മഹാമാരി വന്നപ്പോള്‍ മാത്രമാണ് അതിന് കഴിയാതിരുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിജയദശമി ദിനത്തില്‍ അന്‍പതിലധികം ഇടങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ അനുമതിക്കായി ആര്‍എസ്എസ് തമിഴ്നാട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. സംഘടനയുടെ സ്ഥാപനദിനം എന്നതിനു പുറമെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനം, ഭരണഘടനാ ശില്‍പ്പി ബി.ആര്. അംബേദ്കറുടെ നൂറാം ജന്മദിനം എന്നിവ കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാതെ ഡിഎംകെ സര്‍ക്കാര്‍ മനഃപൂര്‍വ്വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫലത്തില്‍ അനുമതി നിഷേധിക്കലായിരുന്നു ഇത്. ഈ നിരോധനം ചോദ്യംചെയ്ത് ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, പഥസഞ്ചലനത്തിന് അനുമതി നല്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നിയന്ത്രണങ്ങളോടെ അനുമതി നല്കാന് കോടതി ഉത്തരവിട്ടു.
തമിഴ്നാട്ടിലുടനീളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പെട്രോള്‍ബോംബാക്രമണം നടന്നിട്ടുണ്ട്. അതുകൊണ്ടാണ് പഥസഞ്ചലനം അനുവദിക്കാത്തതെന്നും സര്‍ക്കാര്‍ പറഞ്ഞതോടെ ചിലയിടങ്ങളില്‍ മൈതാനത്ത് പരിപാടി നടത്താനും മൂന്നിടങ്ങളില്‍ പഥസഞ്ചലനം നടത്താനും കോടതി അനുമതി നല്കി. ഈ സ്ഥലങ്ങളില്‍ ഒരു അനിഷ്ടസംഭവത്തിനുമിടവരുത്താതെ വളരെ സമാധാനപരമായി പഥസഞ്ചലനം നടത്തുകയും ചെയ്തു. എന്നാല്‍ മറ്റിടങ്ങളില്‍ പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് ഡിവിഷന് ബെഞ്ച് തള്ളി. ഇതിനെതിരെയാണ് ഡിഎംകെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായി വാദം കേട്ട സുപ്രീംകോടതി ആര്‍എസ്എസിന് പഥസഞ്ചലനം നടത്താന്‍ അനുവാദം നല്‍കുകയായിരുന്നു. പഥസഞ്ചലനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉള്ളതായി സര്‍ക്കാര്‍ പറഞ്ഞതാണ് പഥസഞ്ചലനത്തിനു പകരം ആര്‍എസ്എസ് പരിപാടി മൈതാനങ്ങളിലാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കാന്‍ കാരണം. ഇതിനെതിരായ അപേക്ഷ പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ആര്. മാധവനും മുഹമ്മദ് ഷാഹിദുമുള്പ്പെടുന്ന ഡിവിഷന് ബെഞ്ച് ഡിഎംകെ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം ഭരണഘടനയുടെ ആധാരശിലയാണെന്നും, ആര്‍എസ്എസിന് പഥസഞ്ചലനം നടത്താന്‍ വേണ്ട എല്ലാ സുരക്ഷയും നല്‍കണമെന്നും ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രകോപനപരമായ സംഭവങ്ങളൊന്നും ഉണ്ടാകരുതെന്ന് സംഘടനയോടും കോടതി നിര്‍ദ്ദേശിച്ചു. പ്രശ്നങ്ങളവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച് ഡിഎംകെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് സംഘടനാ സ്വാതന്ത്ര്യം തടയാന്‍ തീരുമാനിക്കുകയായിരുന്നു.
ഡിഎംകെ സര്‍ക്കാരിന്റെ നടപടി നിയമപരവും ജനാധിപത്യപരവുമായിരുന്നില്ലെന്ന് വ്യക്തമാണ്. കോടതി ഉത്തരവ് അനുവദിക്കുന്നതിനു പകരം അധികാരത്തിന്റെ ബലത്തില്‍ ആര്‍എസ്എസിന് സംഘടനാസ്വാതന്ത്ര്യം നിഷേധിക്കാനാണ് സര്‍ക്കാര്‍ നോക്കിയത്. കാലങ്ങളായി ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഹിന്ദുത്വ-ദേശീയ സംഘടനകളായ ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു മുന്നണി എന്നീ സംഘടനകളോട് കുടിപ്പക പുലര്‍ത്തുന്ന പാര്‍ട്ടിയാണിത്. ഡിഎംകെക്ക് അധികാരം ലഭിക്കുമ്പോഴൊക്കെ ഈ സംഘടനകളില്‍പ്പെട്ടവര്‍ കൂടുതല്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുക പതിവാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. അക്രമികളുടെ മതവും വോട്ടുബാങ്കിന്റെ ശക്തിയുമൊക്കെ പരിഗണിച്ചാവും അന്വേഷണം എങ്ങനെ വേണമെന്നും, പ്രതികള്‍ ആരൊക്കെയാവണമെന്നും തീരുമാനിക്കുക. മതതീവ്രവാദികളെയും മതമൗലികവാദികളെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന രീതിയാണിത്. ആര്‍എസ്എസ് കാര്യാലയം ബോംബ്സ്ഫോടനത്തിലൂടെ തകര്‍ത്ത കേസ്, കോയമ്പത്തൂര്‍ ബോംബാക്രമണക്കേസ്, നിരവധി ഹിന്ദുമുന്നണി നേതാക്കളെ ഇസ്ലാമിക മതതീവ്രവാദികള്‍ നിഷ്കരുണം വധിച്ച കേസുകള്‍ എന്നിവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍പേരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കേരളത്തിലെ അബ്ദുള്‍ നാസര്‍ മദനിയെപ്പോലെ പിടിയിലായവര്തന്നെ തെളിവില്ലെന്ന കാരണം കണ്ടെത്തി വിട്ടയ്ക്കപ്പെടുകയായിരുന്നുവല്ലോ. ഇതുകൊണ്ടൊക്കെ തീവ്രവാദികളുടെ താവളമായി തമിഴ്നാട് മാറിയിട്ടുമുണ്ട്. അടുത്തിടെ നടന്ന ഉക്കടം സ്ഫോടനത്തിന്റെ കാര്യം ആരും മറന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങള്‍ തടയാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പക്ഷപാതപരവും മതധ്രുവീകരണത്തിന് ശ്രമിക്കുന്നതുമായിരുന്നു. ശിഥിലീകരണ ശക്തികളെ ആര്‍എസ്എസ് എതിര്‍ക്കുന്നതുകൊണ്ടാണ് ഡിഎംകെയ്ക്ക് അനഭിമതരാവാന്‍ കാരണം. എന്തായാലും സുപ്രീംകോടതി ഉത്തരവ് പ്രകാരം ആര്‍എസ്എസ് വാര്‍ഷിക പഥസഞ്ചലനങ്ങള്‍ നടന്നത് വിഘടനവാദ രാഷ്ട്രീയം പയറ്റുന്ന ഡിഎംകെയ്ക്കും മുഖ്യമന്ത്രി സ്റ്റാലിനും ഏറ്റ വ്യക്തിപരമായ തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: