ലഖ്നൗ: പ്രയാഗ്രാജിലെ മാഫിയ തലവന്‍ ആതിഖ് അഹമ്മദിന്റെയും അഷ്റഫ് അഹമ്മദിന്റെയും കൊലപാതകം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പ്രയാഗ്രാജ് കമ്മിഷണറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡിജിപിയെ സഹായിക്കാനായി പ്രയാഗ്രാജ് മേഖലാ എഡിജിപിയുടെ അധ്യക്ഷതയില്‍ മൂന്നംഗ സംഘത്തെ രൂപീകരിച്ചു.
ക്രൈം അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സതീഷ് ചന്ദ്ര, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കോട്വാലി സതേന്ദ്ര പ്രസാദ് തിവാരി, ഓം പ്രകാശ് എന്നിവരെയാണ് എസ്ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രയാഗ്രാജ് മേഖലാ എഡിജിപി സൂപ്പര്‍വൈസറി ടീമില്‍ ചെയര്‍മാനും പോലീസ് കമ്മിഷണര്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
കൊലപാതകം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ ത്രിപാഠി അധ്യക്ഷനായ കമ്മിഷനില്‍ വിരമിച്ച ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി, മുന്‍ ഡിജിപി സുബീഷ് കുമാര്‍ സിങ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1952ലെ കമ്മിഷന് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ആഭ്യന്തര വകുപ്പാണ് ഇത് രൂപീകരിച്ചത്.
ഇതിനിടെ വെടിവയ്പ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അതിഖ് അഹമ്മദിന് നേരെ ഒമ്പത് തവണ വെടിവച്ചെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒന്‍പതു വെടിയുണ്ടകള്‍ അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഷ്റഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: