ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തില്‍ നാല് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൈനികന് പിടിയില്‍. സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റിലെ ദേശായ് മോഹനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ തമ്മില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും പഞ്ചാബ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പേ കൊലപാതകത്തിനായി മോഹന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും മോഷ്ടിച്ചതെന്നും ചോദ്യം ചെയ്യലില്‍ അയാള്‍ സമ്മതിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യൂണിറ്റില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് മോഹന്‍ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്ത ശേഷം തുടരന്വേഷണമുണ്ടാകുമെന്നും ഭട്ടിന്‍ഡയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുല്‍നീത് ഖുറാന വ്യക്തമാക്കി.
സംഭവത്തില്‍ മറ്റാരുടെയും പങ്കാളിത്തമുണ്ടായിട്ടില്ല. ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.35നായിരുന്നു സൈനിക കേന്ദ്രത്തില്‍ വെടിവയ്പുണ്ടായത്. ഒന്‍പതിന് മോഹന്‍ റൈഫിളും വെടിയുണ്ടകളും മോഷ്ടിച്ചു. സംഭവ ദിവസം കാവല്‍ ഡ്യൂട്ടിയിലായിരുന്ന മോഹന്‍ പുലര്‍ച്ചെ സഹപ്രവര്‍ത്തകര്‍ കിടന്നിരുന്ന സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം റൈഫിള്‍ മാലിന്യക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.
സംഭവത്തില്‍ അജ്ഞാതരായ രണ്ടു പേര്‍ക്കെതിരെയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുര്‍ത്തയും പൈജാമയും ധരിച്ച് മുഖംമൂടിക്കെട്ടിയ രണ്ടുപേര്‍ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള മോഹന്റെ ശ്രമമായിരുന്നു അതിന് പിന്നിലെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അന്വേഷണത്തില്‍ പഞ്ചാബ് പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും ഇത്തരത്തിലുള്ള അച്ചടക്കലംഘനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സൈന്യത്തിന്റെ സൗത്ത് വെസ്റ്റ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: