ദില്ലി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.ജസ്റ്റിസ് അജയ് രസ്‌തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.വിചാരണ വൈകാതെ പൂര്‍ത്തിയാകുമെന്നതിനാലാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ദിലീപ് താരപരിവേഷമുളള ആളായതിനാല്‍ വിചാരണ നീണ്ടുപോകുമെന്നും പ്രതിസ്ഥാനത്തായതിനാല്‍ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെന്നും പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതി മുന്നോട്ട് വച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന നിഗമനം മുന്‍വിധിയോടെയുളളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബോംബെ ഹൈക്കോടതിയില്‍ ഹാജരായ സന റായിസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്കായി സുപ്രീംകോടതിയില്‍ ഹാജരായത്. ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് പള്‍സര്‍ സുനിക്കായി ജാമ്യാപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: