ഖാര്തും: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം തുടരുന്നു. രാജ്യത്തുടനീളം രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഇഇതുവരെ 59 സാധാരണ പൗരന്മാര് കൊല്ലപ്പെടുകയും ഐക്യരാഷ്ട്ര സഭയുടെ മൂന്ന ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സമാധാനം പാലക്കണമെന്ന് അമേരിക്ക, ചൈന, റഷ്യ, ഈജിപ്ത്, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്, ആഫ്രിക്കന്‍ യൂണിയന് രാജ്യങ്ങളും ഐക്യരാഷ്ട്ര സുരക്ഷാസമിതിയും പോരടിക്കുന്ന വിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സുമാണ് (ആര് എസ് എഫ്) ഏറ്റുമുട്ടുന്നത്.
2019 ല്‍ ഇസ്ലാമിക സ്വേച്ഛാധിപതി ഒമര്‍ ഹസ്സന് അല്‍ബഷീറിനെ പുറത്താക്കാന്‍ ഇരുകൂട്ടരും ഒരുമിച്ചതിന് ശേഷമുള്ള ആദ്യത്തെ പൊട്ടിത്തെറിയാണിത്. സിവിലിയന്‍ ഭരണത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി ആര്‍എസ്എഫിനെ സൈന്യത്തില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ചുളള ഭിന്നതയാണ് പ്രശ്നം രൂക്ഷമാക്കിയത്.
ഇരുപക്ഷവും തങ്ങളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളെ കുറിച്ച് സ്ഥിരീകരണമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പോര്‍ട്ട് സുഡാന്, കസാല, കദാരെഫ്, ഡെമാസിന്, കോസ്റ്റി എന്നിവിടങ്ങളിലെ ആര്‍എസ്എഫ് താവളങ്ങള്‍ പിടിച്ചെടുത്തതായി സുഡാന് സൈന്യം അറിയിച്ചു. ഒംദുര്‍മാന്‍, ഡാര്‍ഫൂര്‍ എന്നിവിടങ്ങളിലെ സ്ഥലങ്ങളും വടക്ക് മെറോവ് എയര്‍പോര്‍ട്ടും കൈവശപ്പെടുത്തിയതായി ആര്‍എസ്എഫ് അവകാശപ്പെട്ടു.
ആക്രമണത്തിനിടെ സുഡാനില്‍ ജോലി ചെയ്തിരുന്ന മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് പൂര്‍ണ്ണ സഹായം എത്തിക്കാന്‍ എംബസി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: