തിരുവനന്തപുരം : ദുരിതാശ്വാസ നിധി വകമാറ്റൽ കേസ് വിധിയിൽ ന്യായീകരണവുമായി ലോകായുക്ത. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത പ്രസ് റിലീസിൽ വിശദീകരിച്ചു. അസാധാരണ വാർത്താകുറിപ്പ് ഇറക്കിയാണ് വിശദീകരണം.
രണ്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് കേസ് വിശാല ബെഞ്ചിന് കൈമാറിയത്. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നുമാണ് വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ലോകായുക്ത ഇത്തരമൊരു വാർത്താക്കുറിപ്പിറക്കുന്നത്. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനും ലോകായുക്ത വാർത്താ കുറിപ്പിലൂടെ വിശദീകരണം നൽകിയിരിക്കുന്നു. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമമെന്നും ലോകായുക്ത പറയുന്നു.
മുഖ്യമന്ത്രിയുമായി ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം തെറ്റാണ്. പരാതിക്കാരനെതിരായ പേപ്പട്ടി പരാമർശം കുപ്രചരണമെന്നും വിശദീകരണം. വഴിയിൽ പേപ്പട്ടി നിൽക്കുന്നത് കണ്ടാൽ ആരും വായിൽ കോലിടില്ലെന്നാണ് പറഞ്ഞത്. പരാതിക്കാരന്റെ ശിരസിൽ ആ തൊപ്പി വച്ചത് സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്നാണ്. പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു.
ഭയമോ പ്രീതിയോ സ്‌നേഹമോ ശത്രുതയോ കൂടാതെ സത്യപ്രതിജ്ഞ ചെയ്ത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവരാണ് ലോകായുക്ത. ഏതെങ്കിലും കക്ഷികളുടെ ആഗ്രഹവും താത്പര്യവുമനുസരിച്ച് ഉത്തരവിടാന്‍ അവരെ കിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: