Categories: Main Article

വിചാരധാരയെക്കുറിച്ചുതന്നെ

ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ ഭാഷയിലെയും പ്രസിദ്ധീകരണങ്ങള്‍ എഡിറ്റോറിയല്‍ എഴുതി അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടു ജീവിച്ചതിനാലാണ്, ഒരിക്കലും രാഷ്ട്രീയപ്രവര്‍ത്തനം ചെയ്യാത്ത അദ്ദേഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തിയത്. അത്തരത്തിലൊരു മഹദ്‌വ്യക്തിത്വമായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തകളും ജീവിതവും ഇന്നും പ്രസക്തമാകുന്നത്. കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.

ആര്‍എസ്എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജിയുടെ ഏതാണ്ട് 20-25 വര്‍ഷത്തെ പ്രസംഗങ്ങളുടെ സമാഹരണമാണ് ‘വിചാരധാര’. അത് ഗുരുജി എഴുതിയതല്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മറ്റുള്ളവര്‍ എഴുതി ക്രോഡീകരിച്ചതാണ്. ബാംഗ്ലൂരിലെ ചില പ്രധാന പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി അത് പ്രസിദ്ധീകരിക്കാന്‍ ഗുരുജി അനുവദിച്ചു. ആദ്യം ഇംഗ്ലീഷ് ഭാഷയിലാണ് അത് പ്രസിദ്ധീകരിച്ചത്. പിന്നിട് വിവിധ ഭാഷകളിലേയ്‌ക്ക് പരിഭാഷപ്പെടുത്തി. അങ്ങിനെ മലയാളത്തിലെ പരിഭാഷയാണ് ‘വിചാരധാര’.

വിചാരധാര

ഗുരുജി ഗോള്‍വാള്‍ക്കര്‍ തുടര്‍ച്ചയായി ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഓരോ സംസ്ഥാനത്തും വിവിധ പരിപാടികള്‍ക്ക് പുറമെ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പരിശീലനക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശിച്ചു. അത്തരം അവസരങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനായി അവരോട് ചോദ്യോത്തരങ്ങളും പ്രഭാഷണങ്ങളും നടത്തി. അങ്ങനെ ചെയ്ത പ്രസംഗങ്ങള്‍ക്കു പുറമേ പ്രവര്‍ത്തകരോടുമുള്ള ആഹ്വാനങ്ങളും അടങ്ങിയതാണ് വിചാരധാര. രാജ്യത്തുനിലവിലുള്ള സാഹചര്യം, ആര്‍എസ്എസ് നിലപാട്, രാജ്യം നേരിടുന്ന ഭീഷണികളും അവയ്‌ക്കുള്ള പരിഹാരങ്ങളും എന്നിവയെല്ലാം അദ്ദേഹം പ്രവര്‍ത്തകരുടെ മുമ്പില്‍ വിശദീകരിച്ചു. അവയെല്ലാം വിചാരധാരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളേയും ഗുരുജി വിദ്വേഷത്തോടെ കണ്ടിരുന്നില്ല.

ഗുരുജി പറഞ്ഞത് വളച്ചൊടിക്കുന്നു

വിചാരധാരയില്‍ ഗുരുജി മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ‘ആഭ്യന്തരശത്രുക്കള്‍’ ആയി പറഞ്ഞിരിക്കുന്നു എന്ന് ഇന്ന് ടിവി ചാനല്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നു. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വിവിധ പാര്‍ട്ടി നേതാക്കളും ഇത് പറയുന്നു. ഇത്തരം ചര്‍ച്ചകള്‍ കേള്‍ക്കുന്നവര്‍ക്ക്, ഇതരമതവിദ്വേഷിയായ ഒരു മതഭ്രാന്തനാണ് ഗുരുജി എന്ന് തോന്നിപ്പിക്കുന്നവിധമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ സംസാരിക്കുന്നത്.

എന്നാല്‍ സത്യമെന്താണ്?

വിചാരധാരയുടെ മൂലഗ്രന്ഥമായ ‘Bunch of Thoughts’ ഗുരുജി വായിച്ചുനോക്കിയതാണ്. അതുകൊണ്ട് ആധികാരികരേഖ ”Bunch of Thoughts’ ആണ്. അതിലൊരിടത്തും അദ്ദേഹം ‘ആന്തരികശത്രു’ (Internal Enemy) എന്ന പദം ഉപയോഗിച്ചിട്ടില്ല. ഒരാളേയും അദ്ദേഹം ശത്രുവായി കണ്ടിരുന്നില്ല. ”കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ ‘ആന്തരികഭീഷണി’ (Internal Threat) ആണ്” എന്നാണ് ഗുരുജി പറഞ്ഞത്. ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു. ഗുരുജി ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളെ എതിര്‍ക്കുകയല്ല. അദ്ദേഹം മതമല്ല വിഷയമാക്കിയത്. അങ്ങനെയൊരു വ്യക്തിയായിരുന്നെങ്കില്‍ ആഭ്യന്തരഭീഷണികളുടെ കൂടെ കമ്യൂണിസ്റ്റുകളെ ഉള്‍പ്പെടുത്തുമായിരുന്നില്ലല്ലോ. മതത്തിനെയല്ല, ഈ മൂന്ന് വിഭാഗങ്ങളും നടത്തിയ രാഷ്‌ട്രവിരുദ്ധപ്രവര്‍ത്തനങ്ങളെയാണ് ഗുരുജി എതിര്‍ത്തത്.

എതിര്‍പ്പ്  രാഷ്‌ട്രവിരുദ്ധതയോട്!

കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും നടത്തിയ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളെയാണ് ഗുരുജി എതിര്‍ത്തത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദേശപാതിരിമാര്‍ വിഘടനവാദത്തിന് വെടിമരുന്നിട്ടു. അത് ക്രിസ്തുമതത്തിന്റെ പേരിലായിരുന്നു. അതിനെ ഗുരുജി എതിര്‍ത്തു. ഇതുതന്നെയാണ് മുസ്ലീം വിഘടനവാദത്തിലും സംഭവിച്ചത്. ക്രിസ്തുമതത്തിന്റെ പേരിലും ഇസ്ലാം മതത്തിന്റെ പേരിലും വിഘടനവാദം ഉയര്‍ത്തിയതുകൊണ്ട് ഇസ്ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആന്തരികഭീഷണിയായി ഗുരുജി കണ്ടു. എന്നാല്‍ കമ്യൂണിസം മതത്തിന്റെ അടിസ്ഥാനത്തിലല്ല വിഘടനവാദം ഉയര്‍ത്തിയത്. ഗുരുജിയെ സംബന്ധിച്ച് രാഷ്‌ട്രീയ തത്വശാസ്ത്രത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും വിഘടനവാദത്തെ രാഷ്‌ട്രത്തിന് ഭീഷണിയായി അദ്ദേഹം കണ്ടു. എന്നാല്‍  അവര്‍ ശത്രുക്കളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഗുരുജി എതിര്‍ത്തത് രാജ്യവിരുദ്ധതയെയാണ്. ഒരിക്കല്‍ ഒരു ചോദ്യോത്തരവേളയില്‍ ‘ഒരു ഹിന്ദു രാഷ്‌ട്രവിരുദ്ധനായാല്‍ അയാളോട് എന്ത് നിലപാടാണ് സ്വീകരിക്കുക’ എന്ന ചോദ്യത്തിന് ‘അത്തരം ഹിന്ദുക്കളോട് തനിക്ക് താത്പര്യമില്ല’ എന്ന മറുപടിയാണ് തെല്ലുപോലും ചിന്തിക്കാതെ ഗുരുജി നല്‍കിയത്. ഒരാളുടെ മതമെന്തായാലും, രാഷ്‌ട്രത്തിന് അയാള്‍ അനുകൂലമാണോ എന്നതാണ് ഗുരുജി പരിഗണിച്ചത്.

ശത്രുവും ഭീഷണിയും തമ്മിലെ  വ്യത്യാസം

ഒരാള്‍ ശത്രുവാണെങ്കില്‍ അയാളെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് പ്രശ്‌നപരിഹാരം. എന്നാല്‍ അയാള്‍ ഭീഷണിയാണെങ്കില്‍ നശിപ്പിക്കേണ്ട ആവശ്യം ഇല്ല. ഭീഷണി ആകാനുള്ള കാരണം കണ്ടെത്തി അത് പരിഹരിക്കുക, ഭീഷണിയെ ദുര്‍ബലമാക്കുക തുടങ്ങിയ രീതികള്‍ സ്വീകരിച്ചാല്‍ മതി. ഇതില്‍ പ്രധാനമായത്, ഭീഷണി ആകുന്നവരെ തള്ളിക്കളയുന്നില്ല എന്നതാണ്. ഗുരുജിയുടെ കാലഘട്ടത്തില്‍ ബിഹാര്‍, ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ വ്യാപകമായിരുന്നു. തൊഴിലാളി സംഘടനാരംഗത്തും അവര്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ഇന്നവര്‍ ദുര്‍ബലരായി. ഇന്ന് കമ്യൂണിസം രാഷ്‌ട്രത്തിന് ഒരു ഭീഷണിയേ അല്ല. (മാവോയിസ്റ്റ് ഭീഷണിയെ മറക്കുന്നില്ല.)

അതേപോലെ വൈദേശികമിഷനറിമാര്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രഅവഗണനയെ മുതലെടുത്തുകൊണ്ട് വിഘടനവാദം പ്രചരിപ്പിച്ചു. എന്നാല്‍ നിലവിലെ കേന്ദ്രസര്‍ക്കാര്‍  വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി, അവിടത്തെ വിഘടനവാദത്തെ ഇല്ലാതാക്കി. വിഘടനവാദത്തിന് വികസനത്തിലൂന്നിയ പ്രശ്‌നപരിഹാരം നടത്തി. ഇതേപോലെ ഇസ്ലാമികഭീഷണിയും പരിഹരിക്കാന്‍ കഴിയും എന്ന വിശ്വാസവും രാജ്യത്തിനുണ്ട്.

ഗുരുജിയും ന്യൂനപക്ഷങ്ങളും

ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളെയും പാകിസ്ഥാനിലേയ്‌ക്കും പാകിസ്ഥാനില്‍നിന്നുള്ള മുഴുവന്‍ ഹിന്ദുക്കളെയും ഭാരതത്തിലേയ്‌ക്കും കൈമാറണമെന്നാണ് ഡോ. അംബേദ്കര്‍, സാവര്‍ക്കര്‍ തുടങ്ങിയവര്‍ വിഭജനസമയത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഗുരുജി ഇത്തരത്തിലൊരാവശ്യം ഉന്നയിച്ചില്ല എന്നത് ഓര്‍ക്കണം. മതത്തിനല്ല, ദേശീയത യ്‌ക്കാണ് ഗുരുജി ഊന്നല്‍ കൊടുത്തത്. ഒരിക്കല്‍ ഗുരുജിയോട് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. ”മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. എന്നാല്‍ ഹിന്ദു അവരുടെ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിനു തടസമില്ല?”. അദ്ദേഹം മറുപടി പറഞ്ഞു- ‘മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും ഈശ്വരസാന്നിദ്ധ്യം ഉണ്ടെന്നു കരുതിയാണ് ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്നത് എന്നതാണ് ഇതിനുകാരണം. എന്നാല്‍ ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികള്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരാണ്. അവര്‍ക്ക് വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവയാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ വിശ്വാസപൂര്‍വം ആരാധിക്കുവാന്‍ ആഗ്രഹിക്കുന്ന അവരില്‍പ്പെട്ടവര്‍ക്കും അതാകാം. അവരുടെ ആചാരമനുസരിച്ചു മുട്ടുകുത്തിനിന്ന് തന്നെ അവര്‍ക്ക് പ്രാര്‍ത്ഥിക്കാം.’ ഇതര മതവിദ്വേഷമല്ല, മറ്റു മതസ്ഥരുടെ ആരാധനാരീതികളെ ആദരിക്കുന്നതാണ് ഇവിടെ നാം കാണുന്നത്.  

രാഷ്‌ട്രത്തിന്റെ ആദരം

ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്‌ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ ഭാഷയിലെയും പ്രസിദ്ധീകരണങ്ങള്‍ എഡിറ്റോറിയല്‍  എഴുതി അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടു ജീവിച്ചതിനാലാണ്, ഒരിക്കലും രാഷ്‌ട്രീയപ്രവര്‍ത്തനം ചെയ്യാത്ത അദ്ദേഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തിയത്. അത്തരത്തിലൊരു മഹദ്‌വ്യക്തിത്വമായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തകളും ജീവിതവും ഇന്നും പ്രസക്തമാകുന്നത്. കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക