കേരളത്തിനായി ഇങ്ങനെയൊരു വിഷുക്കണി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിവച്ചിട്ടുണ്ടെന്ന് ആരും കരുതിയില്ല. വന്ദേമെട്രോയെക്കുറിച്ച് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് കേരളത്തിന് വന്ദേഭാരത് ട്രെയിനില്ലെന്ന് സിപിഎമ്മും കേരള സര്‍ക്കാരും വലിയ കുപ്രചാരണം നടത്തിയിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ പങ്കുചേര്‍ന്നു. കുപ്രചാരണങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് വിഷുപ്പുലരിയില്‍ രാജ്യത്തെ പതിമൂന്നാമത് വന്ദേഭാരത് എക്സ്പ്രസ് തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്. പുതിയ ഭാരതത്തിന്റെ വികസന നേട്ടവുമായെത്തിയ വന്ദേഭാരതിന് പാലക്കാട്ടും തൃശൂരും എറണാകുളത്തും കോട്ടയത്തും തിരുവനന്തപുരത്തുമൊക്കെ ലഭിച്ച ആവേശോജ്വലമായ സ്വീകരണങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളില്‍ തളംകെട്ടിക്കിടക്കുന്ന കേരളം അതില്‍നിന്ന് മോചനം നേടുന്നതിന്റെ ദൃശ്യങ്ങളാണ് സമ്മാനിച്ചത്. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്യുന്നതോടെ ഓട്ടം തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസ് അക്ഷരാര്‍ത്ഥത്തില്‍ റെയില്‍വെ വികസനത്തിന്റെയും കേരള വികസനത്തിന്റെയും പുതിയൊരു അധ്യായത്തിനു തന്നെയാണ് തുടക്കംകുറിക്കാന്‍ പോകുന്നത്. കേരളം ഒരിക്കലും ആധുനിക വികസനത്തിന്റെ പാതയിലേക്ക് പ്രവേശിക്കരുതെന്നും, വികസനം കൊണ്ടുവരുമെന്ന മുദ്രാവാക്യങ്ങള്‍ വിറ്റഴിക്കാന്‍ മാത്രമുള്ള രാഷ്ട്രീയ വിപണിയായി കേരളത്തെ നിലനിര്‍ത്തണമെന്നും ആഗ്രഹിക്കുന്ന സംസ്ഥാനത്തെ പരമ്പരാഗത ഭരണകക്ഷികള്‍ക്ക് വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഭരണപക്ഷമായ സിപിഎമ്മും കോണ്‍ഗ്രസ്സും അത് പലതരത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.
വന്ദേഭാരത് എത്തിയതോടെ അപ്രസക്തമായിരിക്കുന്നത് വന്‍ അഴിമതി ലക്ഷ്യംവച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടുവരാന്‍ തിടുക്കം കാട്ടിയ സില്‍വര്‍ ലൈന്‍ പദ്ധതിയാണ്. ഒരുലക്ഷം കോടിയിലേറെ രൂപ ചെലവു വരുമെന്ന് വിദഗ്ധര്‍ കണക്കാക്കിയ ഈ പദ്ധതിക്കായി ആയിരത്തിലേറെ ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരികയും, ജനവാസ മേഖലയില്‍ നിന്നും ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നിലവില്‍ വന്നാലുണ്ടാകാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കൊച്ചു കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്യും. സഹസ്രകോടികളുടെ അഴിമതി നടത്താമെന്നതു മാത്രമാണ് ഈ പദ്ധതികൊണ്ടുണ്ടാകുമായിരുന്ന നേട്ടം! ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് കൊണ്ടുവരുന്ന നേട്ടങ്ങള്‍ വളരെ വലുതാണ്. ഒന്നാമതായി ഇതിന് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ഒരു പൈസപോലും ചെലവഴിക്കേണ്ടിവരില്ല. എവിടെനിന്നും കടമെടുക്കേണ്ട ആവശ്യവുമില്ല. ആരുടെയെങ്കിലും സ്ഥലം ഏറ്റെടുക്കുകയോ ഒരാളെപ്പോലും കുടിയൊഴിപ്പിക്കുകയോ വേണ്ട. മണിക്കൂറില്‍ ശരാശരി 125 കിലോമീറ്റര്‍ ഓടി മൂന്നരമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്തി തിരിച്ചുപോകുമെന്നായിരുന്നു സില്‍വര്‍ലൈന്‍ വക്താക്കളുടെ അവകാശവാദം. ഇത് തീര്‍ത്തും അപ്രായോഗികമാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ 160 കിലോമീറ്ററാണ് വന്ദേഭാരതിന്റെ പരമാവധി വേഗതയെങ്കിലും നിലവിലെ ട്രാക്കിലൂടെ 90 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയും. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് വേഗത വര്‍ധിപ്പിക്കാനാവും. മണിക്കൂറില്‍ 66-68 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിഞ്ഞാല്‍ തന്നെ ഏഴ് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്താം. എല്ലാ വശവും കണക്കിലെടുക്കുമ്പോള്‍ സില്‍വര്‍ ലൈനിനെക്കാള്‍ എത്രയോ മെച്ചമാണ് വന്ദേഭാരത് എന്നു കാണാനാവും. ജാള്യത മറച്ചുപിടിക്കാന്‍ വന്ദേഭാരത് സില്‍വര്‍ലൈനിന് ബദലല്ല എന്ന വ്യാജ പ്രചാരണവുമായി സിപിഎം ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
എല്ലാറ്റിനുമുപരി വികസനത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഭരണകക്ഷിയെന്നൊ പ്രതിപക്ഷമെന്നൊ ഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഒരുക്കമല്ല. തങ്ങള്‍ക്ക് രാഷ്ട്രീയമായി നഷ്ടക്കച്ചവടമാകും എന്നു കരുതിയാണിത്. തെലങ്കുദേശം ഭരിക്കുന്ന ബിആര്‍എസും കേരളം ഭരിക്കുന്ന സിപിഎമ്മും ഇപ്രകാരം വികസന വിരുദ്ധ രാഷ്ട്രീയം പയറ്റുകയാണ്. കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്തെ വികസന ഫലങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കാന്‍ പലതരത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. ചോദിക്കുന്നതെല്ലാം കിട്ടിയിട്ടും കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്തിയും, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാതെയും, കേന്ദ്ര വിഹിതം ഉപയോഗിക്കാതെ ലാപ്സാക്കിയും, കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയുമൊക്കെ മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാവാന്‍ പാടില്ല എന്ന സങ്കുചിത താല്‍പ്പര്യത്തോടെയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. ഇതിന് കനത്ത തിരിച്ചടി കൂടിയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വരവ്. കേരളത്തിലെ ജനങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്ന ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്യാത്തതും, പ്രതികരിക്കുകപോലും ചെയ്യാത്തതും തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ അവിടുത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വാഗതം ചെയ്തിട്ടും ആ നേട്ടം കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് അതിനോട് വിമുഖത കാണിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സ്വപ്നപദ്ധതിയാണ് വന്ദേഭാരത്. അത് കേരളത്തിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇതൊരു കുതിച്ചു ചാട്ടമാണ്. ഇതിലൂടെ ബിജെപി ഭരണത്തില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനവുമായി കേരളം കണ്ണിചേര്‍ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: