കോഴിക്കോട്;:എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തി. സാധാരണ, തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുക പതിവ്. എന്തായാലും ഇതോടെ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പായി.
പ്രത്യേക അന്വേഷണ സംഘം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പത്ത് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ടും ചോദ്യങ്ങള്‍ക്കൊന്നിനും പ്രതിയില്‍ നിന്നും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. തീവ്രവാദ ബന്ധം ഉണ്ടെന്ന് എന്‍ഐഎ വാദിച്ചിരുന്നെങ്കിലും കൃത്യമായ തെളിവുകള്‍ ഇല്ലെന്ന് കേരള പൊലീസ് പറയുന്നു. ഇപ്പോഴും കേരള പൊലീസ് ദല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദബന്ധം തള്ളാനാവില്ലെന്ന് എന്‍ഐഎ ഡിഐജി എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമനത്രാലയത്തിന് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
കോയമ്പത്തൂരിലും മാംഗളൂരുവിലും നടത്തിയ സ്ഫോടനങ്ങളൂും എലത്തൂരിലെ ട്രെയിനിലെ തീവെയ്പും തമ്മില്‍ സാമ്യമുണ്ടെന്നും പൊലീസ് കരുതുന്നു. തെലുങ്കാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ ഭീകരവാദ വിരുദ്ധ സ്ക്വാഡുകളുമായി കേരളപൊലീസ് യോജിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) മണിക്കൂറുകളോളം ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം തനിയെ ചെയ്തതാണെന്ന മൊഴിയില്‍ ഷാരൂഖ് സെയ്ഫി ഉറച്ചുനില്‍ക്കുകയാണ്. കുറ്റകൃത്യത്തില്‍ കേരളത്തില്‍ ഒരു കൂട്ടാളി ഷാരൂഖ് സെയ്ഫിയെ കുറ്റകൃത്യത്തിലും കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെടാനും സഹായിച്ചിട്ടുണ്ട്. ഇയാള്‍ മാത്രമല്ല, വലിയൊരു ശൃംഖല തന്നെ പുറത്ത് സഹായത്തിനുണ്ടെന്ന് കരുതുന്നു.
ആന്ധ്ര, തെലുങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സംഘങ്ങളുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതി ഷഹീന്‍ബാഗില്‍ നിന്നാണെന്നതും രഹസ്യാന്വേഷണ ഏജന്‍സികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: