ന്യൂയോര്‍ക്ക്: അതീവരഹസ്യമായ സൈനിക രേഖകള്‍ ചോര്‍ത്തി സംഭവത്തില്‍ യുഎസ് വ്യോമസേന എയര്‍ നാഷനല്‍ ഗാര്‍ഡ് അംഗം അറസ്റ്റില്‍. ജാക് ഡഗ്ലസ് ടെഷേറയെ (21)യാണ് എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) അറസ്റ്റ് ചെയ്തത്.
വിഡിയോ ദൃശ്യങ്ങള്‍, നയതന്ത്ര ഫോണ്‍സംഭാഷണങ്ങള്‍ എന്നിവ അടക്കം രേഖകളാണു ചോര്‍ന്നത്. യുക്രെയ്ന് സൈനികവിവരങ്ങള്‍ മുതല്‍ സഖ്യകക്ഷികളായ ഇസ്രയേല്‍, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നിവരില്‍നിന്നു യുഎസ് ചോര്‍ത്തിയ നിര്‍ണായക വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞമാസമാണു സമൂഹമാധ്യമ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട രേഖകല്‍ അധികം ചര്‍ച്ചയായില്ല. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയായി പ്രസിദ്ധീകരിച്ചതോടെയാണു പുറംലോകമറിഞ്ഞത്.
മാസച്യുസിറ്റ്സ് നാഷനല്‍ ഗാര്‍ഡിലെ ഇന്റലിജന്‍സ് വിങ്ങില്‍ ഐടി സ്പെഷലിസ്റ്റ് ആയാണു ടെഷേറ ജോലിചെയ്തിരുന്നത്. യുഎസ് വ്യോമസേനയുടെ റിസര്‍വ് വിഭാഗമാണു നാഷനല്‍ ഗാര്‍ഡ്. ഇവര്‍ മുഴുവന്‍സമയ സൈനികരല്ല. ആവശ്യഘട്ടത്തില്‍ മാത്രം നിയോഗിക്കും. എയര്‍മാന്‍ ഫസ്റ്റ് ക്ലാസ് ആണു ടേഷേറയുടെ റാങ്ക്.
ടെഷേറയെ വീട്ടില്‍നിന്ന് സായുധ എഫ്ബിഐ സംഘം അറസ്റ്റ് ചെയ്തു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിരോധവിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയെന്ന കേസിലാണു നിലവില്‍ അറസ്റ്റ്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: