ലക്ഷ്മണന്റെ സ്വര്ഗ്ഗാരോഹണത്തെപ്പറ്റികേട്ട് ശ്രീരാമന് മന്ത്രിമാരോടും ഗുരുവായ വസിഷ്ഠനോടുമായി ഇങ്ങനെ പറഞ്ഞു. ‘ഇനി ഞാന്‍ മഹാമതിയായ ഭരതനെ അയോദ്ധ്യാപതിയായി അഭിഷേകം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. എന്നിട്ട് ഞാനും ലക്ഷ്മണനെ പിന്തുടരാന് പോകുന്നു.’
രഘുനാഥന് ഇങ്ങനെ പറഞ്ഞപ്പോള്‍ പുരവാസികളെല്ലാം മോഹാലസ്യപ്പെട്ടു നിലംപതിച്ചു. അപ്പോള്‍ ഭരതന് മുന്നോട്ടുവന്നു പറഞ്ഞു. ‘ഹേ രഘുവരാ, ഞാനിതാ ശപഥം ചെയ്യുന്നു. അങ്ങയോടുകൂടെത്തന്നെ ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ എവിടെയായലും ഇരിക്കണം. എനിക്ക് രാജ്യത്തിന് അല്പവും ആഗ്രഹമില്ല. ഹേ മഹാരാജന്, രാജ്യം ഈ കുശലവന്മാര്ക്കു നല്‍കുക. അയോദ്ധ്യയില്‍ വീരനായ കുശനേയും ഉത്തരഖണ്ഡത്തില്‍ ലവനെയും വാഴിക്കുക. വേഗത്തില്‍ മഥുരയില്‍ നിന്നും ശത്രുഘ്നനെ വരുത്തണം. ഞങ്ങളും സ്വര്‍ഗ്ഗാരോഹണം നടത്തുന്ന വിവരം എല്ലാവരും അറിയട്ടെ.’ ഇതോടെ പ്രജകളെല്ലാം വ്യാകുലരായി. അവര്‍ ബോധഹീനരായി നിലത്തുവീണു. അതുകണ്ട് വസിഷ്ഠന് പറഞ്ഞു. ‘കുഞ്ഞേ, നിലത്തുവീണുകിടക്കുന്ന ഈ പ്രജകളെ കൃപാപൂര്‍വ്വം കടാക്ഷിക്കുക.’ വസിഷ്ഠന്റെ വാക്കുകേട്ട് ശ്രീരാമന് അവരെ എണീല്പിച്ചു. പ്രേമപൂര്‍വ്വം ചോദിച്ചു. ‘പറയൂ. ഞാന്‍ നിങ്ങള്‍ക്ക് എന്താണു ചെയ്തു തരേണ്ടത്?’ പ്രജകള്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞു. ‘അങ്ങ് എങ്ങോട്ടുപോകുന്നുവോ അവിടേക്ക് ഞങ്ങളും അനുഗമിക്കും. അതാണ് ഞങ്ങളുടെ ധര്‍മ്മവും ആഗ്രഹവും. ഹേ രാമ! അങ്ങ് എങ്ങോട്ടുപോയാലും ഭാര്യാപുത്രാദികളോടു കൂടി ഞങ്ങളും വരുന്നു.’ പുരവാസികളുടെ വാക്കുകളിലെ ദാര്‍ഢ്യവും ഭക്തിയും കണ്ട് ഭഗവാന് പറഞ്ഞു. ‘ശരി അങ്ങനെ തന്നെ ചെയ്തുകൊള്ളുക.’
ശ്രീരാമന് കുശനും ലവനും അഭിഷേകം നടത്തി. ഓരോരുത്തര്‍ക്കും എണ്ണായിരം രഥം, ആയിരം ആന, അറുപതിനായിരം കുതിരകള്‍ ഇവകൊടുത്തു. എണ്ണമില്ലാത്തത്ര രത്നവും സ്വര്‍ണ്ണവും സമ്മാനിച്ചു. ആരോഗ്യമുള്ള അനേകം ഭൃത്യന്മാരെയും നല്കി. പിന്നെ ശത്രുഘ്നനെ വിവരമറിയിക്കാന്‍ ദൂതന്മാരെ നിട്ടു. അത്യന്തം ദുഃഖിതനായ ശത്രുഘ്നന്‍ പുത്രന്മാരായ സുബാഹുവിനെ മഥുരയിലും യൂപകേതുവിനെ വിദിശനഗരിയിലെയും രാജാക്കന്മാരായി വാഴിച്ചശേഷം രാമനെ കാണാന്‍ അതിവേഗം അയോദ്ധ്യയിലെത്തി. ഋഷികളാല്‍ ചുറ്റപ്പെട്ട് അഗ്നിപോലെയിരിക്കുന്ന രാമപാദങ്ങളില്‍ നമസ്കരിച്ചുകൊണ്ടു പറഞ്ഞു. ‘ഹേ കമലനയന! ഞാന്‍ എന്റെ രണ്ടുപുത്രന്മാര്‍ക്കും രാജ്യാവകാശം നല്കിയിട്ടു വരുകയാണ്. ഇപ്പോള്‍ അങ്ങയെ അനുഗമിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങയുടെ ഭക്തനായ എന്നെ ഉപേക്ഷിക്കരുത്.’ എന്നാല്‍ ഇന്നുച്ചക്ക് എന്നോടൊപ്പം വരാന്‍ നീയും തയ്യാറാകുക എന്ന് ശ്രീരാമന് അനുവദിച്ചു.
ശ്രീരാമന്റെ സ്വധാമഗമനത്തപ്പറ്റി കേട്ട് സുഗ്രീവന് ഹനുമാന് തുടങ്ങിയ വാനരന്മാര് വിഭീഷണന് തുടങ്ങിയ രാക്ഷസന്മാര്, ഋക്ഷന്മാര്‍ തുടങ്ങിയവരെല്ലാം എത്തിച്ചേര്‍ന്നു. പ്രഭോ ഞങ്ങളും കൂടെവരുന്നു എന്നറിയിച്ചു. സുഗ്രീവന് പറഞ്ഞു. ‘അംഗദനെ കിഷ്കിന്ധയിലെ രാജാവായി വാഴിച്ചിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്. അങ്ങയെ അനുഗമിക്കാന്‍ എന്നെയും അനുവദിക്കണം.’ എന്നിട്ട് ശ്രീരാമന് വിഭീഷണനോട് ‘പൃഥ്വി പ്രജകളെ പാലിക്കുന്നതുവരെ നിങ്ങള്‍ രാക്ഷസരാജ്യം ഭരിക്കണം..’ എന്നു കല്പിച്ചു. പിന്നെ ഹനുമാനെ വിളിച്ച് ‘ഹേ മാരുതേ നീ ചിരകാലം ജീവിച്ചിരിക്കണം. എന്റെ ആദ്യത്തെ ആജ്ഞയെ പാലിക്കണം.’ ജാംബവാനോട് ദ്വാപരയുഗത്തിന്റെ അവസാനം വരെ ജീവിച്ചിരിക്കാന്‍ കല്പിച്ചു. ബാക്കിയുള്ള എല്ലാവരും തന്നെ അനുഗമിക്കാന്‍ ശ്രീരാമന് അനുവദിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: