തിരുവനന്തപുരം : അരിക്കൊമ്പന്‍ ആനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി കേരളം. പറമ്പിക്കുളത്തിലേക്ക് മാറ്റുന്നതില്‍ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന പഴയ ആവശ്യം തന്നെ ഉന്നയിക്കാനാണ് സാധ്യത.
ആനയെ എവിടേയ്‌ക്ക് മാറ്റിയാലും ഇത് സംബന്ധിച്ച് ജനങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. അതിനാല്‍ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണത്തിലെ സെക്ഷന്‍ 11 പ്രകാരം നടപടി കൈക്കൊള്ളണമെന്നാകും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.
അതേസമയം അരിക്കൊമ്പനെ മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ‘അരിക്കൊമ്പന്റെ പുനരധിവാസം വിധിനടപ്പാക്കുക ഏറെ പ്രയാസകരം.
പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധി നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജനങ്ങളെ പ്രകോപിതരാക്കിയും പ്രയാസപ്പെടുത്തി മുന്നോട്ട് പോവുക സാധ്യമല്ലാതെയായി. മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണം. പക്ഷെ ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ഈ വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ച് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി വിധിയില്‍ സാവകാശം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: