ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ സംഭാഷണം നടത്തി. നിരവധി ഉഭയകക്ഷി വിഷയങ്ങളിലെ, പ്രത്യേകിച്ച് വ്യാപാര സാമ്പത്തിക മേഖലകളിലെ, പുരോഗതി നേതാക്കള്‍ അവലോകനം ചെയ്തു. സമീപകാലത്തെ ഉന്നതതല വിനിമയങ്ങളിലും വര്‍ധിച്ചുവരുന്ന സഹകരണത്തിലും (വിശേഷിച്ച് വ്യാപാര സാമ്പത്തിക മേഖലകളില്‍) അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര ഉടമ്പടി എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും അംഗീകരിച്ചു.
യുകെയിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി ഉന്നയിക്കുകയും ഇന്ത്യാവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ യുകെ ഗവണ്മെന്റ് ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷനു നേര്‍ക്കുണ്ടായ ആക്രമണം തികച്ചും അസ്വീകാര്യമാണെന്നു യുകെ കരുതുന്നതായും ഇന്ത്യന്‍ മിഷന്റെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു.
ബ്രിട്ടണില്‍ അഭയം തേടിയ സാമ്പത്തിക കുറ്റവാളികളുടെ കാര്യവും പ്രധാനമന്ത്രി മോദി ഉന്നയിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നില്‍ ഹാജരാകാന്‍ കഴിയുന്ന തരത്തില്‍, പലായനം ചെയ്തവരുടെ തിരിച്ചുവരവില്‍ പുരോഗതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 സെപ്റ്റംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേയ്ക്കു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ മോദി ക്ഷണിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴില്‍ കൈവരിച്ച പുരോഗതിയെ പ്രധാനമന്ത്രി സുനക് അഭിനന്ദിക്കുകയും ഇന്ത്യയുടെ സംരംഭങ്ങള്‍ക്കും അവയുടെ വിജയത്തിനും യുകെയുടെ പൂര്‍ണ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.
ബൈശാഖിയുടെ പൂര്‍വസന്ധ്യയില്‍ സുനകിനും യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രധാനമന്ത്രി മോദിആശംസകള് നേര്‍ന്നു.സമ്പര്‍ക്കം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: