കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരത്ത് ബയോ മൈനിങ് നടക്കുന്നില്ല. മാലിന്യ സംസ്കരണത്തിനായി ബയോ മൈനിങ് അറിയാത്ത ഒരു കമ്പനിക്ക് എന്തിനാണ് കരാര്‍ നല്‍കിയത്. എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സോന്റയ്ക്കെതിരെ ഒരു കേസ് പോലും നല്‍കാത്തത്. സോന്റയ്ക്ക് കൂടുതല്‍ കരാര്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ സോന്റ കരാറിലെ പങ്ക് പരിശോധിക്കണം. ഇതില്‍ അഴിമതി നടന്നിട്ടുണ്ട്. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. ആരെയാണ് ഭയക്കുന്നത്.
മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ സോന്റയുടെ മാനേജിങ് ടീമിനെ പലതവണ കണ്ടിരുന്നു. ഇത് എന്തിനായിരുന്നുവെന്നും ജാവദേക്കര്‍ ചോദിച്ചു. ബെംഗളൂരുവിലെ സോന്റയുടെ ഉടമയ്ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അയാള്‍ ഒളിവിലാണ്.
സര്‍ക്കാരിന്റെ മറ്റ് പല അഴിമതികളും പോലെ വന്‍ കുംഭകോണമാണ് ബ്രഹ്മപുരം കരാര്‍. കെഎസ്ഐഡിസി ടെന്‍ഡര്‍ ചെയ്തത്് എന്തിനാണ്. മറ്റൊരു കമ്പനിയായ അരാഷ് മീനാക്ഷിക്ക്് സബ് കരാര്‍ അനുവദിച്ചത് കൂടാതെ കമ്പനി ഇന്ത്യയിലെ മറ്റ് പല നഗരങ്ങളെയും കബളിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അഴിമതിയായതിനാല്‍, ഇഡിയും അന്വേഷിക്കണം, ജാവദേക്കര്‍ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍, കൊച്ചി നഗരസഭ കൗണ്‍സിലര്‍മാരായ സുധ ദിലീപ്, പ്രിയ പ്രശാന്ത്, ടി. പദ്മകുമാരി എന്നിവരും ബ്രഹ്മപുരം സന്ദര്‍ശനത്തില്‍ ജാവദേക്കറിനൊപ്പമുണ്ടണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: