ശിവഗിരി: മധ്യവേനല്‍ അവധിക്കാലത്തില്‍ നിത്യേന ശിവഗിരിയിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ വര്‍ദ്ധിച്ചുവരുന്നതായി അധികൃതര്‍. വിവിധ സംഘടനകളുടെ നേതൃത്വത്തിലും എസ്എന്‍ഡിപി യോഗം ശാഖകളില്‍ നിന്നും കുടുംബ യൂണിറ്റുകളുടേയും ബാലവേദികളുടേയും നേതൃത്വത്തിലും ക്രിസ്തീയ ദേവാലയങ്ങളിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മുതിര്‍ന്നവരും കുട്ടികളും ദിനംതോറും ശിവഗിരിയുലേക്ക് എത്തുകയാണ്.
കുണ്ടറയില്‍ നിന്നും തൃപ്പിലഴികം ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തി. മഹാസമാധി, ശാരദാമഠം, വൈദിക മഠം, ബോധാനന്ദസ്വാമി സമാധി പീഠം എന്നിവിടങ്ങളിലൊക്കെ ദര്‍ശനം നടത്തിയാണ് അവര്‍ മടങ്ങിയത്.
വൈദികമഠത്തില് മഹാത്മജിയും മഹാകവി രബീന്ദ്രനാഥ ടാഗോറും, സി.എഫ്. ആന്‍ഡ്രൂസുമൊക്കെ ഗുരുദേവനെ സന്ദര്‍ശിച്ച വിവരണവും അവിടെ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ശയ്യോപകരണങ്ങളും മറ്റ് വിശിഷ്ട വസ്തുക്കളും കുട്ടികളില്‍ ഏറെ കൗതുകമുണര്‍ത്തിയെന്നും മഠം വ്യക്തമാക്കി.
റിക്ഷാമണ്ഡപത്തില്‍ ഗുരുദേവന് ഉപയോഗിച്ചിരുന്ന റിക്ഷയും അവരെ ആകര്‍ഷിച്ചു. വൈദികരായ ഫാ. തോമസ് ഡാനിയേല്‍, ഫാ. ഡാനിയല്‍ ജോര്‍ജ്ജ്, ജെറിന് ശെമ്മാശന് കണ്‍വീനര്‍ ബിജോയ് വി. തോമസ്, അസിസ്റ്റന്ററ് കണ്‍വീനര്‍ ജോണ്‍ മാത്യു എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന ഭക്തര്‍ ഗുരുപൂജയും മഹാഗുരുപൂജയും വിശേഷാല്‍ ശാരദാപൂജയും ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്താണ് മടക്കം. ദിനം തോറും അനുഭവിച്ചുവരുന്ന തിരക്കിന് നിയന്ത്രണം വരുത്താനും എത്തിച്ചേരുന്നവരുടെ ഭക്ഷണ താമസക്രമീകരണം ഉറപ്പാക്കാനും മുന്‍കൂട്ടി വിവരം നല്‍കണമെന്ന് ശിവഗിരി മഠം അറിയിച്ചു. വിവരങ്ങള്‍ക്ക് 9447551499 എന്ന നമ്പറില്‍ പിആര്‍ഒയുമായി ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: