തിരുവനന്തപുരം: തമ്പാനൂരിലെ ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാംകുമാര്‍, ഹരി മാധവ്, വിഷ്ണു, അനൂപ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മറ്റ് രണ്ടു പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അരിസ്റ്റോ ജംഗ്ഷനിലെ ചിപ്സ് നിർമാണ യൂണിറ്റിലായിരുന്നു സംഘം അക്രമം നടത്തിയത്.
രാത്രി പതിനൊന്ന് മണിയോടെ എത്തിയ സംഘം വനിതാ ജീവനക്കാരിയോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. ഇത് തടഞ്ഞ യുവാവിനെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഹോട്ടലിൽ ബർത്ത്ഡേ പാർട്ടി കഴിഞ്ഞെത്തിയ സംഘം മദ്യലഹരിയിലായിരുന്നു. പോലീസ് എത്തും മുമ്പ് അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ് പേരും പോലീസിന്റെ പിടിയിലായത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും യുവാവിനെ മർദ്ദിച്ചതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൂർവ വൈരാഗ്യത്തിന്റെ ഭാഗമായുണ്ടായ അക്രമമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: