ശ്രീനിവാസ അയ്യര്‍
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
വ്യാഴം, രാഹു എന്നീ ഗ്രഹങ്ങള്‍ ഒമ്പതിലും ശനി ഏഴിലും (കണ്ടക ശനി) ചൊവ്വ പതിനൊന്നിലും നില്ക്കുന്ന ഈ വിഷുക്കാലം മുതലാരംഭിക്കുന്ന ഒരു വര്‍ഷം ചിങ്ങക്കൂറുകാര്‍ക്ക് പ്രായേണ നേട്ടങ്ങളുടെ കാലമാകും. ഭാഗ്യഹാനിമൂലം നഷ്ടപ്പെട്ടുപോയവ പലതും, ജീവിതത്തിലേക്ക് വീണ്ടും മടങ്ങിവരും. പുതിയ ബിസിനസ്സ് തുടങ്ങാനാവും. തൊഴില്‍ തേടുന്നവര്‍ക്ക് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നതാണ്.
പഠനം തൊഴില്‍ എന്നിവയ്ക്കായി വിദേശത്ത് പോകാനൊരുങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തി ഉണ്ടാവും. വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ നിന്നും പുറത്ത് കടക്കാനാവും. ഗൃഹനിര്‍മ്മാണം തുടങ്ങാന്‍ /പൂര്‍ത്തീകരിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹജീവിതത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ദാമ്പത്യക്ലേശങ്ങള്‍ അനുരഞ്ജനത്തിലാകുന്നതാണ്. വ്യാഴം സന്താനഭാവത്തിലേക്ക് നോക്കുന്നതിനാല്‍ സന്താനജന്മത്താല്‍ ഗൃഹം ഐശ്വര്യപൂര്‍ണമാകും. ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളില്‍ ആദായം വര്‍ദ്ധിക്കുന്നതാണ്. രാഷ്ട്രീയമായ സ്ഥാനമാനങ്ങള്‍, കലാപ്രവര്‍ത്തനം കൊണ്ട് നേട്ടങ്ങള്‍ എന്നിവയും ഈ വര്‍ഷം പ്രതീക്ഷിക്കാം. കര്‍ക്കടകം, ചിങ്ങം, മീനം മാസങ്ങളില്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. തുലാം മാസം മുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
പരിഹാരം: ശാസ്തൃഭജനം മൂലം കണ്ടകശനി ദോഷം ലഘൂകൃതമാവും. സര്പ്പക്കാവില് വിളക്ക് തെളിക്കുന്നത് രാഹുപ്രീതിക്ക് കാരണമാകും. കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര ഉരുവിടുന്നത് ഗ്രഹപ്പിഴകളകറ്റും.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)
ആറാംഭാവത്തില്‍ ശക്തമായി നിലകൊള്ളുന്ന ശനിയാണ് കന്നിക്കൂറുകാരുടെ ഈ വര്‍ഷത്തെ വിഷുഫലത്തെ നേട്ടങ്ങളിലേക്ക് നയിക്കുന്ന പ്രധാനഗ്രഹം. അഷ്ടമഭാവത്തിലെ വ്യാഴം രാഹുസ്ഥിതിയാല്‍ ദോഷം കൂടുകയും നേട്ടങ്ങള്‍ അല്പം മങ്ങുകയും ചെയ്യും.
മേടമാസം അവസാനം പതിനൊന്നാം ഭാവത്തിലേക്ക് സംക്രമിക്കുന്ന ചൊവ്വ ഗുണം നല്‍കും. തുടര്‍ന്ന് നില്ക്കുന്ന രാശിയനുസരിച്ച് ഫലങ്ങള്‍ മാറി മാറി നല്‍കും.
തുലാം മാസത്തിന് ശേഷം രാഹുവിന് രാശി മാറ്റം വരുന്നുണ്ടെങ്കിലും ദാമ്പത്യപരമായ സ്വാസ്ഥ്യത്തിന് ആ മാറ്റം പ്രതികൂലമാണ്. ശനിദശ, അപഹാരം എന്നിവ നടക്കുന്നവര്‍ക്ക് ഈ വര്‍ഷം ഗുണാനുഭവങ്ങള്‍ അധികമാകും.മിഥുനം, കര്‍ക്കടകം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളില്‍ ധനാഗമം ഉയരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചിങ്ങം, കന്നി മാസങ്ങളില്‍ അലച്ചിലേറും. ചെലവ് കൂടും. പ്രവാസത്തിനും സാധ്യതയുണ്ട്. ഉപരിപഠനത്തിന് ആഗ്രഹിച്ചവിഷയങ്ങള് ലഭിച്ചില്ലെന്ന് വന്നേക്കാം. ചെറുകിടജോലികളില്‍ നിന്നും തരക്കേടില്ലാത്ത വരുമാനം വന്നുചേരുന്നതാണ്. വ്യാഴം ധന കുടുംബ ഭാവങ്ങളില്‍ നോക്കുന്നതിനാല്‍ ഗാര്‍ഹികജീവിതം സന്തോഷകരമാകും. ന്യായമായ ആവശ്യങ്ങള്‍ നടന്നുകിട്ടും. വ്യാഴം നാലാം ഭാവത്തിലേക്ക് നോക്കുന്നത് മൂലം ഗൃഹനവീകരണം ഒരു സാധ്യതയാണെന്ന് പറയാം. പാരമ്പര്യവസ്തുക്കള്‍ പരിപാലിക്കാന്‍ കഴിയുന്നതാണ്. വൃദ്ധജനങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ മെച്ചമെങ്കിലും പ്രതീക്ഷിക്കാം. പിന്തുണക്കാനും സഹായിക്കാനും പ്രതീക്ഷിക്കാത്തപലരും വന്നെത്തും. കടബാധ്യതകള്‍ കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്. ക്ഷമയും വ്യക്തിപരമായ അച്ചടക്കവും അദ്ധ്വാനശീലവും നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും.
പരിഹാരം: രാഹുപ്രീതിക്കായി സര്പ്പക്കാവില് പക്കനാളില്‍ വിളക്ക് തെളിച്ച് പ്രാര്‍ത്ഥിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുസഹസ്രനാമം നിത്യവും പാരായണം ചെയ്യണം. ശനിയാഴ്ച ശാസ്താവിനെ വണങ്ങുന്നത് ആയുരാരോഗ്യ സൗഖ്യമേകും.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍)
ഏപ്രില്‍ 21 ന് വ്യാഴം മീനത്തില്‍ നിന്നും മേടത്തിലേക്ക് സംക്രമിക്കുന്നു. ഗുണപരമായ വലിയ പരിവര്ത്തനങ്ങള്ക്കിടവരുത്തന്നതാണ് വ്യാഴമാറ്റം.
തുലാക്കൂറുകാരുടെ ലാഭഭാവത്തെയും ജന്മസഹായ ഭാവങ്ങളെയും വ്യാഴം ദൃഷ്ടി ചെയ്യുന്നത് ഭാഗ്യകടാക്ഷം, ധനോന്നതി, പ്രധാന കാര്യങ്ങളുടെ നിര്‍വഹണം എന്നിവയ്ക്ക് വഴിതുറക്കും. കടബാധ്യത കൊണ്ട് വലഞ്ഞവര്‍ക്ക് ആശ്വസിക്കാനാവും.
തടഞ്ഞുകിടക്കുന്ന നിക്ഷേപങ്ങള്‍ ഫലപ്രദമാകും.വലിയ യാത്രകള്‍, അവ കൊണ്ട് പലതരം നേട്ടങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. അഞ്ചിലെ ശനി ബലവാനാകയാല്‍
പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നും വസ്തുക്കളില്‍ നിന്നും വരുമാനത്തിന് കാരണമാകും. സന്താനക്ഷേമവും ഭവിക്കുന്നതാണ്. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ കുറഞ്ഞേക്കാം. ഉപരിപഠനം, വിദേശതൊഴില്‍, വ്യാപാരാഭിവൃദ്ധി, കൃഷിനേട്ടം, വിവാഹ സിദ്ധി, ഗൃഹനിര്‍മ്മാണം എന്നിവയും ഗുണാനുഭവങ്ങളില്‍ ചേര്‍ത്ത് പറയണം. തുലാം മാസം മുതല്‍ ദാമ്പത്യവും കുടുംബ ജീവിതവും കൂടുതല്‍ ശോഭനമാകും.
ഇടവം, കന്നി, തുലാം, മീനം എന്നീ മാസങ്ങളില്‍ ധനകാര്യത്തിലും ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്.
പരിഹാരം: ശനിപ്രീതിക്കായി ശാസ്തൃഭജനം, രാഹുപ്രീതിക്കായി ദുര്ഗാഭജനം, പഞ്ചാക്ഷരീജപം എന്നിവ ഉത്തമം.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
നാലാം ഭാവത്തിലെ ശനി സ്ഥിതി പ്രതിസന്ധികളെ അതിജീവിക്കാന്‍ ശക്തിപകരും.
ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളും. തൊഴിലില്‍ പ്രത്യക്ഷ പരോക്ഷവരുമാനം വന്നുചേരുന്നതാണ്. ഭൂമിയിടപാടുകള്‍ വലിയ ലാഭത്തിലേക്ക് നയിക്കാം.
വിദേശയാത്രക്ക് ആദ്യം തടസ്സം നേരിടുമെങ്കിലും പിന്നീട് കാര്യസാധ്യം ഭവിച്ചേക്കും. ഉപരി വിദ്യാഭ്യാസകാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഏര്‍പ്പെട്ടേക്കാം. മേടം, ചിങ്ങം, കന്നി, മകരം മാസങ്ങളില്‍ നവീന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്നതാണ്. പുതുസാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യാപാരനവീകരണം ഭാവിയിലും ഗുണപ്രദമാകും.വിവാഹത്തിന് ചിലപ്പോള്‍ കാലവിളംബം വന്നേക്കാം. മിഥുനം, തുലാം, വൃശ്ചികം മാസങ്ങളില്‍ സകലകാര്യങ്ങളും ശ്രദ്ധയോടെ ചെയ്യണം. മിതവ്യയം, ആരോഗ്യപരിപാലനം എന്നിവ അനിവാര്യം.
പരിഹാരം: വിഷ്ണുഭജനം മുടക്കരുത്. കുടുംബക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തണം. അരയാല്പ്രദക്ഷിണം ശ്രേയസ്സേകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: