തിരുവനന്തപുരം: കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് എത്തിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ണതയിലേക്ക്. വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികളുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി എന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനായ പി. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.
ജൂണ്‍ മാസത്തോടെ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്‌സപ്രസ് ടെയിനുകളുടെ വേഗത 130 മുതല്‍ 160 വരെ ആക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വെ നടത്തും. ഈ മാസം അവസാനം ഹെലികോപ്റ്റര്‍ മുഖേനയാണ് ലിഡാര്‍ സര്‍വേ നടത്തുക.
ഈ സര്‍വെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റെയില്‍പാതയിലുടെ അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ തടസമായി നില്‍ക്കുന്ന ലൈനിലെ വളവുകള്‍ പരിഹരിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്കും നീങ്ങും. ഇതിന് സമാന്തരമായി സിഗ്‌നല്‍ സിസ്റ്റവും മെച്ചപ്പെടുത്തും. ഇതോടെ കേരളത്തിലോടുന്ന എല്ലാ എക്‌സപ്രസ് ടെയിനുകളുടെയും വേഗത 130 മുതല്‍ 160 വരെ കിലോമീറ്റര്‍ ആകുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കഴിഞ്ഞ മാസം 15 മുതല്‍ 18 വരെ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ റെയില്‍വേ സംഘം തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തുകയും ഇതു സംബന്ധിച്ചുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കനത്ത നിസ്സംഗതയാണ് പുലര്‍ത്തിയത്. കേരളത്തിന് അനുവദിച്ച രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: