തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ വാദ്യ കലാകാരന്മാർക്ക് വിഷുക്കോടിയും വിഷുകൈനീട്ടവും നല്‍കുന്നതിനിടയില്‍ ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് നടന്‍ സുരേഷ് ഗോപി. പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍ തുടങ്ങി മേളരംഗത്തെ കുലപതികള്‍ പങ്കെടുത്തിരുന്നു.
വാദ്യകലാകാരന്മാരുടെ ക്ഷേമത്തിനായി ഈ ഒരുകോടിരൂപ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഉത്സവ പറമ്പുകളിൽ കൊട്ടുന്ന വാദ്യ കലാകാരന്മാരുടെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ധാരാളമായുണ്ട്. തൊഴിലിന്റെ പ്രത്യേകത കൊണ്ടുള്ള യാതന ഇതിന് പുറമെയാണ്. താളവാദ്യപ്പെരുക്കങ്ങളുടെ നിരന്തരകേള്‍വിയാല്‍ ശ്രവണ ശേഷി നഷ്ടമായ എത്രയോ വാദ്യവിദഗ്ധരുണ്ട്. ഇവര്‍ക്ക് സഹായം നല്‍കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക.
“തൃശൂർ പൂരം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഭാരതീയർ മാത്രമല്ല, പാശ്ചാത്ത്യരും പൂരം ഇഷ്ടപ്പെടുന്നു. അതിന് മേളക്കൊഴുപ്പ് നൽകുന്ന ഒരു പൗഢിയുണ്ട്. അത് നൽകുന്ന വാദ്യകലാകാരന്മാരെ ശ്രദ്ധിക്കാൻ ഇവിടെ ആരും ഇല്ല. നമുക്ക് ആവേശം നൽക്കുന്ന അവർക്ക് ശ്രവണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. അവർക്ക് നാം കൈത്താങ്ങ് ആകണം. “- സുരേഷ് ഗോപി പറഞ്ഞു.
തന്റെ അടുത്ത 10 സിനിമകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും 10 ലക്ഷം വെച്ച് മകൾ ലക്ഷമിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഈ ആവശ്യത്തിനായി കൈമാറും. “ലക്ഷ്മി ചാരിറ്റിയൽ നിന്നും ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാർക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയിൽ നിന്ന് ലഭിക്കുന്ന ഒരു ഒരു കോടി രൂപ കലാകാരന്മാർക്ക് എന്റെ മോളുടെ പേരിൽ നൽകും. ഇത് തൃശൂർകാരുടെ ഉത്തരവാദിത്വമാണ്”- ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ വിഷുക്കൈനീട്ടച്ചടങ്ങുകളുമായി സുരേഷ് ഗോപി സജീവമാണ്. മത്സ്യത്തൊഴിലാളികള്‍ക്കും അമ്മമാര്‍ക്കും കൈനീട്ടം നല്‍കുന്ന ചടങ്ങുകളില്‍ അദ്ദേഹം വിവിധ ഭാഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോകടിയും മത്സ്യത്തൊഴിലാളികള്‍ക്ക് സുരേഷ് ഗോപി വിതരണം ചെയ്യും.
തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശഭഗവാന്റെ ക്ഷേത്രത്തിലെ പരിപാടിയിലും 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് ഈ പരിപാടി. ഗണേശഭഗവാന്റെ ശ്രീകോവിലിനായി സുരേഷ് ഗോപി ചെമ്പോല നല്‍കും. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ചാണ് ചെമ്പോല സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: