തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസിലെ പുനഃപരിശോധന ഹര്‍ജി ലോകായുക്ത തള്ളി. വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടതെന്നും നിയമപ്രകാരമാണ് ഇതെന്നും അപ്പീല്‍ നിലനില്‍ക്കാത്തതാണെന്നും ലോകായുക്ത പറഞ്ഞു. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നല്‍കിയില്ല.
പ്രതീക്ഷിച്ച വിധിയാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഹര്‍ജിക്കാരനായ ആര്.എസ്. ശശികുമാര്‍ പ്രതികരിച്ചു.
ലോകായുക്ത നിയമപ്രകാരമാണ് ഫുള്‍ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങള്‍ ഉത്തരവായി എഴുതി കഴിഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോ എന്നും ലോകായുക്ത ചോദിച്ചു.ഹര്‍ജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചത്. ആര്‍ക്കും നോട്ടീസ് അയച്ചിട്ടില്ല. വിശദവാദം കേള്‍ക്കുമ്പോള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നത്. എല്ലാവര്ക്കും നോട്ടീസ് അയച്ചു വാദം കേട്ടു. നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ മൂന്നംഗ ബഞ്ചിന് വിട്ടുവെന്നും ലോകായുക്ത പറഞ്ഞു. മൂന്നാമത്തെ ജഡ്ജ് കൂടി കേള്‍ക്കുമ്പോള്‍ ചര്‍ച്ച നടക്കുമ്പോള്‍ എന്റെ അഭിപ്രായത്തിനും മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
അഭിഭ്രായ വ്യത്യാസമുണ്ടായാല്‍ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തില്‍ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്ന് ഉപലോകായുക്തയും ചോദിച്ചു. എന്തുകൊണ്ട് ഹര്ജിക്കാരന് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരും ചേര്‍ന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്റെയും, അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയെന്നാരോപിച്ചായിരുന്നു ഹര്‍ജി. വിചാരണവേളയില്‍ ലോകായുക്തയുടെ ഭാഗത്തുനിന്ന് സര്‍ക്കാര്‍ അനുകൂല പരാമര്‍ശങ്ങളുണ്ടായിരുന്നു. ഭിന്നാഭിപ്രായം വന്നതോടെ വിധി ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.
കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂന്‍ ഉല് റഷീദും എതിര്‍കക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന് ആര്.എസ്. ശശികുമാര്‍ പ്രതികരിച്ചു. ഇതിനുശേഷം പുനഃപരിശോധന ഹരജി പരിഗണിക്കുന്നതിനിടെ ശശികുമാറിനെതിരെ ലോകായുക്ത ന്യായാധിപന്മാര് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പേപ്പട്ടി ഒരു വഴിയില്‍ നില്ക്കുമ്പോള് അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതല്‍ പറയാത്തതെന്നുമാണ് ലോകായുക്ത പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: