ബെംഗളൂരു: തുടക്കം മുതല്‍ അടിയായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി വിരാട് കോഹ്ലി, ഹാഫെ ഡ്യുപ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്, ലഖ്നൗ സൂപ്പര്‍ജയന്റ്സിനായി മാര്‍ക്കസ് സ്റ്റോയ്നിസ്, നിക്കോളസ് പൂരന് എന്നിവര്‍ തകര്‍ത്തടിച്ചു.
ഒടുവില്‍ അവസാന പന്തില്‍ ഒരു വിക്കറ്റിന് മത്സരം ലഖ്നൗ കൈക്കലാക്കി. ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ അര്‍ധശതകമാണ് നിക്കോളസ് പൂരന് കുറിച്ചത്. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-212/2 (20), ലഖ്നൗ സൂപ്പര്‍ജയന്റ്സ്-213/9 (20).
ഡ്യുപ്ലെസിസ്, വിരാട്, മാക്സ്വെല് എന്നിവരുടെ അര്‍ധശതകങ്ങളാണ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ അഞ്ച് വീതം ഫോറും സിക്സും സഹിതം ഡ്യുപ്ലെസിസ് 79 റണ്‍സെടുത്തപ്പോള്‍, വിരാടിന് 44 പന്തില്‍ നാല് വീതം ഫോറും സിക്സുമുള്‍പ്പെടെ 61 റണ്‍സ്. 29 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സുമുള്‍പ്പെടെ മാക്സ്വെല്ലിന്റെ 59 റണ്‍സ്.
തുടക്കത്തില്‍ തകര്‍ന്ന ലഖ്നൗവിനെയാണ് ആദ്യം സ്റ്റോയ്നിസും പിന്നെ നിക്കോളസ് പൂരനും ജയത്തിലേക്ക് നയിച്ചത്. സ്റ്റോയ്നിസ് 30 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം 65 റണ്‍സെടുത്തപ്പോള്‍ പൂരന് 19 പന്തില്‍ നാല് ഫോറും ഏഴ് സിക്സും സഹിതം 62 റണ്‍സ്. 15 പന്തില്‍ അമ്പത് തികച്ച പൂരന്, ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധശതകമാണ് കുറിച്ചത്. 14 പന്തില്‍ 50 തികച്ച കെ.എല്‍. രാഹുലും പാറ്റ് കമ്മിന്‍സുമാണ് പൂരന് മുന്നില്‍. ഇംപാക്ട് പ്ലെയറായെത്തിയ ആയുഷ് ബദോനിയും (30), ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (18) രണ്ടക്കം കണ്ടു. സ്റ്റോയ്നിസും പൂരനും പുറത്തായ ശേഷം പ്രതിസന്ധിയിലായെങ്കിലും അവസാന പന്തില്‍ ലഖ്നൗ ജയം സ്വന്തമാക്കി.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ജയദേവ് ഉനദ്കത് ഒരു റണ്ണെടുത്തു. രണ്ടാം പന്തില്‍ മാര്‍ക്ക് വുഡ് പുറത്ത്. മൂന്നാം പന്തില്‍ രവി ബിഷ്ണോയിയുടെ രണ്ട് റണ്‍സ്. നാലാമത്തേതില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ സ്ട്രൈക്ക് ചെയ്ത ഉനദ്കത് പുറത്ത്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. അത് ആവേശ് ഖാന്റെ ബാറ്റില്‍ കൊള്ളാതെ നേരെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലേക്ക്. ഈ സമയം കൊണ്ട് ആവേശും ബിഷ്ണോയ്യിയും ഒരു ബൈ റണ്‍ ഓടിയെടുത്തു. പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ കാര്ത്തിക്കിനായതുമില്ല.
കളിയിലെ താരമായത് നിക്കോളസ് പൂരന്. ഈ പുരസ്ക്കാരം ഭാര്യക്കും അടുത്തിടെ ജനിച്ച കുഞ്ഞിനുമാണ് പൂരന് സമര്‍പ്പിച്ചത്.
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍കിങ്സ് രാജസ്ഥാന് റോയല്‍സിനെ നേരിടും. സമയം രാത്രി 7.30ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: