Categories: Article

മുഖ്യപത്രാധിപരായ ആദ്യ വനിത

ലീലാ മേനോന്‍ എന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകയെ ജന്മഭൂമി എഡിറ്ററാക്കി, പിന്നീട് ചീഫ് എഡിറ്ററുമാക്കി. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ മാത്രമല്ല, മാധ്യമങ്ങളുടെ ലോകചരിത്രത്തില്‍ത്തന്നെ ഒരു ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായ ഒരു വനിത ലീലാ മേനോനായിരുന്നു. നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊï് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്‍. മാരകമായ കാന്‍സറിനെ ഇച്ഛാശക്തിയില്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ലീലാ മേനോന്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയായി.

ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി പ്രൊഫ. തുറവൂര്‍ വിശ്വംഭരനുശേഷം നിയുക്തനായത് ഹരി.എസ്.കര്‍ത്തയാണ്. ഇപ്പോള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറിയായ ഹരി.എസ്.കര്‍ത്താ, ജന്മഭൂമിയുടെ ആദ്യത്തെ തിരുവനന്തപുരം ലേഖകനായിരുന്നു. നാലുപതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനത്തിലുണ്ട്. വിദ്യാര്‍ത്ഥികാലത്തുതന്നെ സംഘ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തകന്‍. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തനം നടത്തിയ പരിചയം. ഇക്കണോമിക് ടൈംസ്, ഗള്‍ഫ് ന്യൂസ്, റോയിട്ടേഴ്‌സ്, ദ് സണ്‍ഡേ ഇന്ത്യന്‍ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും അമൃത ടിവിയിലും പത്രാധിപ സമിതി അംഗമായിരുന്നു. 2013 വരെ ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി തുടര്‍ന്നു.

തുടര്‍ന്ന്, ജന്മഭൂമി നേതൃത്വം നല്‍കിയ വിപ്ലവം മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ പുതിയ അദ്ധ്യായം കുറിക്കുന്നതായി. ലീലാ മേനോന്‍ എന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകയെ പത്രത്തിന്റെ എഡിറ്ററാക്കി, പിന്നീട് ചീഫ് എഡിറ്ററുമാക്കി. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ മാത്രമല്ല, മാധ്യമങ്ങളുടെ ലോകചരിത്രത്തില്‍ത്തന്നെ ഒരു ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായ ഒരു വനിത ലീലാ മേനോനായിരുന്നു.

നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്നു ലീലാ മേനോന്‍. മാരകമായ കാന്‍സറിനെ ഇച്ഛാശക്തിയില്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ലീലാ മേനോന്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയായി. മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധ നേടി. ലോകം അറിയുന്ന മാധ്യമപ്രവര്‍ത്തകയായി.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ഇളയ മകളായി 1932 നവംബര്‍ 10 ന് ലീലാമഞ്ജരി ജനിച്ചു. 1949ല്‍ പോസ്റ്റോഫീസില്‍ ക്ലര്‍ക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റായി 1978വരെ അവിടെ ജോലി ചെയ്തു. ജേര്‍ണലിസം പഠിച്ച് പാസായത് ഗോള്‍ഡ് മെഡല്‍ നേടിയായിരുന്നു. വിവാഹാനന്തരം ലീലാ മേനോന്‍ ആയി.

1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍  ജോലി രാജിവെച്ചു. സ്ഥാപനത്തിലെ പ്രാദേശിക തലവനുമായുണ്ടായ, തൊഴില്‍പരമായ ധാര്‍മ്മിക നിലപാടിലെ വിയോജിപ്പിനെ തുടര്‍ന്നായിരുന്നു രാജി. ലീലാമേനോന്‍ ആയിരുന്നു ശരി എന്നത് പില്‍ക്കാലത്ത് തെളിഞ്ഞു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമെഴുതി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസ് എന്ന പത്രത്തില്‍. പിന്നീട് ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്ററും (2007) ചീഫ് എഡിറ്ററും (2017) ആയി. യശശ്ശരീരനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്‌ക്കരമേനോനായിരുന്നു ഭര്‍ത്താവ്.

  നിരവധി പുരസ്‌കാരങ്ങളുടെ ഉടമയായ ലീലാ മേനോന്‍ ദേശീയ അന്തര്‍ദ്ദേശീയ നിലവാരമുള്ള അനേകം എസ്‌ക്ലൂസീവ് സ്റ്റോറികള്‍ എഴുതി. സുപ്രീംകോടതിയുടെ വിധിന്യായങ്ങളില്‍ ലീലാ മേനോന്റെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വൈപ്പിന്‍ വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങി കേരളത്തെ നടുക്കിയ വാര്‍ത്തകള്‍ ലോകം അറിഞ്ഞത് ഈ പത്രപ്രവര്‍ത്തകയിലൂടെയാണ്. ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചുപോന്ന ‘കാഴ്ചയ്‌ക്കപ്പുറം’ എന്ന കോളം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ദീപ്തമുഖമായിരുന്നു ലീലാ മേനോന്റേത്. മലയാളത്തിലെ സത്യസന്ധമായ ആത്മകഥകളില്‍ ഒന്നാണ് ലീലാമേനോന്റെ ‘നിലയ്‌ക്കാത്ത സിംഫണി’. പത്രപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകവും.

ലീലച്ചേച്ചി എന്ന് എല്ലാവരും സ്‌നേഹപൂര്‍വം വിളിച്ചിരുന്ന ലീലാ മേനോന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ ഉള്ളപ്പോഴും പ്രവര്‍ത്തന മേഖലയില്‍ സക്രിയയായിരുന്നു. ജന്മഭൂമിയുടെ രാഷ്‌ട്രീയനിലപാടുകളില്‍ മുന്‍ഗാമികളെപ്പോലെ ഈ മുഖ്യപത്രാധിപര്‍ മുഴുകിയിരുന്നില്ല. എന്നല്ല, ജന്മഭൂമി പിന്തുണയ്‌ക്കുന്ന രാഷ്‌ട്രീയ പക്ഷത്തോട് ഒട്ടിനിന്നിരുന്നുമില്ല. എന്നാല്‍, ജേണലിസം പഠിക്കുന്ന കാലംമുതല്‍ സഹപാഠിയായിരുന്ന കുമ്മനം രാജശേഖരനുമായി തുടര്‍ന്ന സാഹോദര്യ ബന്ധമാണ് പത്രാധിപത്യം സ്വീകരിക്കാന്‍ ഇടയാക്കിയതെന്ന് പറയുമായിരുന്നു ഈ മുഖ്യപത്രാധിപര്‍, പില്‍ക്കാലത്ത് ജന്മഭൂമിയുടെ എല്ലാ പ്രവര്‍ത്തകരും അനുഭാവികളും കുമ്മനത്തെപ്പോലെ എനിക്ക് സ്വീകാര്യര്‍ എന്ന് പറയുമായിരുന്നു.

രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക നിലപാടുകള്‍ക്കൊപ്പം, ജനപ്രിയമായ വിഷയങ്ങളും പരിസ്ഥിതിപോലുള്ള സുപ്രധാന വിഷയങ്ങളും കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് ലീലച്ചേച്ചി നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാനുഷിക വിഷയങ്ങള്‍, എത്ര ചെറിയ സംഭവങ്ങളാണെങ്കിലും അവ ജനമനസ്സാക്ഷിയിലെത്തിക്കണമെന്ന് നിര്‍ബന്ധിച്ചു. മറ്റു പല പത്രങ്ങളും ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി, ലാഭനഷ്ടങ്ങള്‍ പരിഗണിക്കാതെ ജനകീയ വിഷയങ്ങളില്‍ ധര്‍മ്മപക്ഷത്ത് നില്‍ക്കണമെന്ന് വാശിപിടിച്ചു. അത് ജന്മഭൂമിയുടെ സ്വീകാര്യത കൂടുതല്‍ പുതിയ മേഖലകളില്‍ എത്താന്‍ ഇടയാക്കുകയും ചെയ്തു.

മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തിന്റെ സമാരംഭത്തില്‍, നൂറ്റുവരുടെ അമ്മയായ ഗാന്ധാരിയുടെ വാക്കുകളായി വ്യാസമഹര്‍ഷി കുറിച്ച വാക്യമുണ്ട്; ‘യതോ ധര്‍മ്മഃ തതോ ജയഃ’ (എവിടെ ധര്‍മ്മുണ്ടോ, അവിടെ വിജയമുണ്ട്) എന്ന്. ലോക തത്ത്വമായ ആ നിത്യസത്യമാണ് ജന്മഭൂമി ആപ്തവാക്യമാക്കിയിരിക്കുന്നത്. ലീലാ മേനോന്‍ ജീവിതത്തില്‍ സ്വീകരിക്കുകയും സ്വീകരിപ്പിക്കുകയും ചെയ്തിരുന്നത് ആ നിലപാടായിരുന്നു. 2018 ജൂണ്‍ മൂന്നിന് ലീലാ മേനോന്‍ അന്തരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക