ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഗുരു വീണ്ടും പുഞ്ചിരിച്ചു കൊണ്ട്പറഞ്ഞു: ‘ശരിയായ യോഗ്യതയാര്‍ജിച്ച സാധകന് താമസംവിനാ തനിക്കുചേര്‍ന്ന ഗുരുവിനെ അല്ലെങ്കില്‍ തനിക്ക് ചേര്‍ന്ന ഉപദേശങ്ങള്‍ കണ്ടെത്തുക തന്നെചെയ്യും, കാരണം അത് ഈശ്വരനീതിയും നിയോഗവുമത്രേ! അപ്പോള്‍ സാധകന്റെ മേധാശക്തിയും ഗുരുവിന്റെ ഉപദേശങ്ങളും സര്‍വചരാചരങ്ങളുടേയും അന്തര്യാമിയായ ഈശ്വരനില്‍ സമ്യക്കായി ഒന്നുചേരുന്നു.’
പരമാത്മാവാണ് എല്ലാറ്റിനും ഉണ്മയായിരിക്കുന്നത്. വ്യക്തിഗത ആത്മഭാവത്തിനുമാത്രമല്ല, ദേഹേന്ദ്രിയ മനഃ ഉപകരണത്തിനും, ഇന്ദ്രിയചോദനകള്ക്ക് വിധേയമാകുന്ന വസ്തുക്കള്‍ക്കുപോലും ഉണ്മയേകുന്നത് അതേപരമാത്മാവ് തന്നെയാണെന്ന് ഈശ്വരന്റെ കാര്യംപറഞ്ഞത്തിന് നിന്നും എനിക്ക് മനസ്സിലായി, പ്രകടമായി നിലകൊള്ളുന്ന ആത്മാവ് ദേഹത്തില്‍ കുടികൊള്ളുന്നതായി അനുഭവപ്പെടുന്ന പരിമിതികളേതുമില്ലാത്ത അവബോധത്തിന്റെ, ഉള്ളുണര്‍വിന്റെ, സാന്നിദ്ധ്യമാണ്. സ്വപ്നം കാണുന്നവന് സ്വയം സ്വപ്നവസ്തുക്കളും സ്വപ്നനായകനുമായി താദാത്മ്യത്തിലാവുമെങ്കിലും ഒരേ സ്വപ്നബോധമാണ് ഇവയിലെല്ലാം വ്യാപരിച്ചിരിക്കുന്നതെന്ന പോലെയാണിത്. അഹംകാര സ്വത്വത്തിലെ അജ്ഞത അല്ലെങ്കില്‍ അവിദ്യയാണ് സാധകനെവ്യതിരിക്തനാക്കുന്നത്. അതാണ് അയാളില്‍ ഉടമസ്ഥഭാവം, ജ്ഞാനിയെന്നഭാവം, കര്‍ത്തൃത്വഭാവം എന്നിവയെല്ലാം ഉണ്ടാക്കുന്നത്. ദേഹത്തോടും ഇന്ദ്രിയങ്ങളോടും അവ സംവദിക്കുന്ന ലൗകികവസ്തുക്കളോടും, അവയെല്ലാം നശ്വരമാണെങ്കിലുംതോന്നുന്ന താദാത്മ്യഭാവം, ഒരുവനില്‍ സംസാരബന്ധനം തുടര്‍ച്ചയായി ഉറപ്പാക്കുന്നു. ഇതൊക്കെയാണെങ്കിലും എന്നില്‍ മറ്റൊരു സന്ദേഹമുണര്‍ന്നു. പരമാത്മാവ് സര്‍വവ്യാപിയാണെങ്കില്‍ അതിന്റെ സാന്നിദ്ധ്യം ചിലയിടങ്ങളില്‍ സാന്ദ്രമായി പ്രകടമാകുന്നതെന്തുകൊണ്ടായിരിക്കും? ചരാചരവസ്തുക്കളിലും ജീവജാലങ്ങളിലും എന്തുകൊണ്ടാണ് ആ സാന്നിദ്ധ്യം വിവിധതോതില്‍ പ്രകടമായികാണപ്പെടുന്നത്?
അഭിനന്ദനഭാവത്തില്‍ ഗുരുവെന്നെ നോക്കിപ്പറഞ്ഞു: ‘ജീവജാലങ്ങളില്‍ നീ കാണുന്ന പ്രകടമായ വ്യത്യാസം ഓരോരോ ഉപകരണങ്ങളുടെ പ്രാഭവം വ്യത്യസ്ഥ തോതിലായതിനാലാണ്. അവരില്‍ പരമാത്മാവിന്റെ അല്ലെങ്കില്‍ ഈശ്വന്റെ ശക്തിവിശേഷം സഹജമായുണ്ടെങ്കിലും പരമാത്മപ്രഭാവത്തെ സ്വീകരിക്കാനും ധ്യാനിക്കാനും പ്രസരിപ്പിക്കാനുമുള്ള പ്രാപ്തിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഭൗതികവസ്തുക്കളില്‍ പരമാത്മപ്രഭാവം വളരെ പ്രാഥമികാവസ്ഥയില്‍ വികസിക്കാതെയാണ് നിലകൊള്ളുന്നത്. അങ്ങനെയുള്ള വസ്തുവില്‍ ചൈതന്യഭാവം പ്രകടമല്ല. എന്നാല്‍ സചേതനവസ്തുക്കളില് ബോധം സുസ്പഷ്ടമാണ്. അതും പ്രകടമാവുന്നത് വൈവിധ്യമാര്‍ന്ന രീതിയിലാണ്. ജീവജാലങ്ങളുടെ സ്ഥൂലദേഹത്തില്‍ കുടികൊള്ളുന്ന സൂക്ഷ്മദേഹത്തിലുള്ളത് ആര്‍ദ്രതയിലും, പ്രാഭവത്തിലും, ശക്തിയിലും വിഭിന്നഭാവങ്ങളുള്ള വസ്തുക്കളാണ്. മനുഷ്യനെന്ന ദേഹേന്ദ്രിയ മനഃഉപകരണം മൃഗങ്ങളുടെ, സസ്യങ്ങളുടെ, പാറക്കല്ലിന്റെ, ഉപകരണത്തേക്കാള്‍ പലകാര്യങ്ങളിലും ഉത്കൃഷ്ടമാണെന്നു കാണാം. എങ്കിലും ഇവയ്ക്കെയെല്ലാം അടിസ്ഥാനമായുള്ളത് അരൂപിയായ അവബോധസാന്നിദ്ധ്യം തന്നെയാണ്. വരുംയുഗങ്ങളില്‍ മനുഷ്യവൈഭവം കൊണ്ട് എല്ലാ വസ്തുക്കളുടേയും, അണുക്കളുടെപോലും ഉള്ളിലേയ്ക്ക് നോക്കാനാവുന്ന ഉപകരണങ്ങള്‍ നിര്‍മ്മിച്ചേക്കാം. നഗ്നനേത്രങ്ങള്‍ കൊണ്ട ് നാം കാണുന്ന ഉറപ്പുള്ള ഖരവസ്തുക്കള്‍ എല്ലാം വാസ്തവത്തില്‍ ഒരുതെറ്റിദ്ധാരണ മാത്രമാണ് എന്നവര്‍ മനസ്സിലാക്കും. കൂടുതല്‍ ആഴത്തിലവര്‍ നിരീക്ഷണം തുടങ്ങുമ്പോള്‍ എല്ലാറ്റിനും ഉള്ളില്‍ സഹജമായുള്ള ശുദ്ധശൂന്യതയുടെ ഏകതാനവിന്യാസം മാത്രമാണുള്ളതെന്ന് അവര്‍ തിരിച്ചറിഞ്ഞ് സ്തബ്ധരാവും. ഒരേ മനുഷ്യനില്‍ പ്രകടമാവുന്ന ബോധവും ഓരോ അവസ്ഥയില്‍ വ്യത്യസ്ഥമായാണ് വെളിവാക്കുന്നത്. മനുഷ്യബോധം ചിലപ്പോള്‍ നന്നായി ഉണര്‍ന്ന നിലയിലും മറ്റുചിലപ്പോള്‍ മന്ദമായും പിന്നെ സുഷുപ്തിയിലും ആയിരിക്കും കാണപ്പെടുക. അബോധാവസ്ഥയില്‍, മോഹാലസ്യമായും, ബോധക്ഷയമായും ദീര്ഘസുഷുപ്തിയായും അതിന്റെ സാന്നിദ്ധ്യം അപ്രത്യക്ഷമായതുപോലെയും തോന്നിയേക്കാം. എന്നാല്‍ ശുദ്ധമായ ബോധംതന്നെയാണ്, എല്ലാ വസ്തുക്കള്‍ക്കും, ശുദ്ധശൂന്യതയ്ക്കും, അബോധാവസ്ഥയ്ക്ക്പോലും അടിസ്ഥാനമാകുന്നത്. എന്നാലിത് കാണാനും അറിയാനും ബുദ്ധിമുട്ടാണ്. ഒരു സ്വപ്നത്തിലെ, എല്ലാമെല്ലാം, അതിലെ ഓരോ ഘടകവസ്തുവും ഒരേ സ്വപ്നവസ്തുതന്നെയല്ലേ? എന്നാല്‍ സ്വപ്നം കാണുന്നവനില്‍ അവബോധത്തിന്റെ ഉള്ളുണര്വ്വുണ്ടാവുംവരെ അയാള്‍ക്ക ്ഈ ദര്‍ശനം അപ്രാപ്യമത്രേ!’
ഗുരുവിന്റെ വിശദീകരണം എനിക്കേറെ യുക്തിഭദ്രമായിത്തോന്നി. ഈയറിവ് എന്നിലുണ്ടെങ്കിലും ഞാനെന്ന പ്രകടിതമായ ആത്മാവ് ഈശ്വരന്റെ സ്വപ്നത്തിലെ കേന്ദ്രകഥാപാത്രമാണെന്ന ജ്ഞാനം എനിക്ക് ഗുരുമുഖത്തുനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും, എന്തുകൊണ്ടാണ് എനിക്ക് എന്റെ ദേഹത്തോടുമാത്രം ഇത്ര ആഭിമുഖ്യംതോന്നുന്നത്? മറ്റ് ജീവികള്‍ക്കും അതുപോലെതാന്താങ്ങളുടെ ദേഹത്തോടു തന്നെയാണ് ഐക്യപ്പെടാന്‍ ആവുന്നത്. ഈശ്വരസ്വപ്നത്തില്‍ എന്റെ ഭാഗം
ഭംഗിയായി നടിക്കുമ്പോള്‍ എങ്ങനെയാണെനിക്ക് യജമാനകര്ത്തൃത്വഭാവങ്ങള് തീരെ ഒഴിവാക്കാന്സാധിക്കുക? അതോ ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കുള്ള ഉത്തരവാദിത്വം എന്നില്‍ മാത്രം നിക്ഷിപ്തമാക്കാന്‍ വേണ്ടിയാണോ ഈ തോന്നലുകള്‍ എന്നില്‍ നിലനിര്‍ത്തുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: