കോട്ടയം: മണിമല വാഹനാപകടവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി എംപിയുടെ മകന് കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.
ശനിയാഴ്ച രാത്രിയാണ് കെ.എം. മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ സഹോദരങ്ങളായ ബൈക്ക് യാത്രികര്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യൂ ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്.
മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് മാത്യൂവും ജിന്‍സും സഞ്ചരിച്ച ബൈക്ക് വാഹനത്തിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. മണിമല ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇന്നോവ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത കെ.എം. മാണി ജൂനിയറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: