ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14ന് അസം സന്ദര്‍ശിക്കും. സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടിയാണ് പ്രധാനമന്ത്രി അസമിലെത്തുന്നത്.
ഗുവാഹത്തിയില്‍ 11,000 നര്‍ത്തകര്‍ പങ്കെടുക്കുന്ന മെഗാ ബിഹു ആഘോഷത്തിലും മോദി പങ്കെടുക്കും. ഏപ്രില്‍ 14 ന് ഗുവാഹത്തിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും നാല്‍ബാരി, കൊക്രജാര്‍, നാഗോണ്‍ ജില്ലകളിലെ മെഡിക്കല്‍ കോളേജുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.
അസം പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ 500 ടിപിഡി മെഥനോള്‍ പ്ലാന്റും നംരൂപില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുവഹത്തിയില്‍ നിന്ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കൂടാതെ, ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള പാലാഷ്ബാരി -സുവല്‍കുച്ചി പാലത്തിനും ഐഐടി ഗുവാഹത്തിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും അദ്ദേഹം തറക്കല്ലിടും. ശിവസാഗര്‍ ജില്ലയില്‍ രംഗ് ഘറിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്കും മോദി ശിലപാകും.
സംസ്ഥാനത്തെ ഒരു കോടി 10 ലക്ഷം പേര്‍ക്ക് പ്രധാന്‍മന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും മുഖ്യമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിക്കുമുളള കാര്‍ഡുകള്‍ ഒരേ ദിവസം തന്നെ ലഭിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: