തിരുവനന്തപുരം: ഭീകരബന്ധം സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ട്രെയിനില്‍ നടത്തിയ തീവയ്പ്പ് കേസ് എന്‍ഐഎയ്ക്ക് വിട്ടുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയ വിജ്ഞാപനം ഇന്ന് ഇറങ്ങും. എന്‍ഐഎ ചെന്നൈ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. കേസില്‍ യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇത്രയേറെ ഗൗരവമുള്ള കേസ് സംസ്ഥാന പോലീസിന് മാത്രം അന്വേഷിക്കാന്‍ സാധിക്കുന്നതല്ലെന്നും കേന്ദ്ര ഏജന്‍സികള്‍ തന്നെ ഏറ്റെടുക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഡിജിപി അനില്‍കാന്ത് കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. കൂടിക്കാഴ്ചയക്ക് ശേഷം എന്‍ഐഎ ക്ക് കേസ് കൈമാറാന്‍ തീരുമാനമുണ്ടാകും. സംസ്ഥാനം ആവശ്യപ്പെട്ടില്ലങ്കിലും കേസ് എന്‍ഐഎ ക്ക് ഏറ്റെടുക്കാനാകും.
ട്രെയിനില്‍ നടത്തിയ തീവയ്പ്പ് ഭീകരാക്രമണം തന്നെയാണെന്നും, അതിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടും കേസ് വഴിതിരിച്ച് വിടാനാണ് കേരളാ പോലീസ് ശ്രമിക്കുന്നത്. ഗോധ്ര മോഡല്‍ വന്‍ ഭീകരാക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും, പ്രതിക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തതിനാലാണ് ഇത് പാളിപ്പോയതെന്നുമാണ് എന്‍ഐഎയുടെ നിഗമനം. പോപ്പുലര്‍ ഫ്രണ്ടിിന്റെ ആസ്ഥാനമായ ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നതിന്റെ ഫോണ്‍ രേഖകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചതായി അറിയുന്നു.
ഇതിനൊക്കെ കടകവിരുദ്ധമായ ഒരു ചിത്രമാണ് കേരളാ പോലീസ് അവതരിപ്പിക്കുന്നത്. പോലീസിന്റെ കസ്റ്റഡിയിലായശേഷം ആരോ പറഞ്ഞുപഠിപ്പിച്ച രീതിയിലുള്ള മൊഴികളാണ് ഷാരൂഖ് നല്‍കുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഈ മൊഴികളാണ് പോലീസ് പുറത്തുവിടുന്നത്.
കേരളാ പോലീസിന്റെ അന്വേഷണം കേരളം ഭരിക്കുന്നവരുടെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്ന തിരക്കഥയനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന സംശയം ബലപ്പെടുകയാണ്. അക്രമവാസനയുള്ള ഒരാള്‍ സ്വന്തം നിലയ്ക്കാണ് ട്രെയിനിന്റെ ബോഗിയില്‍ പെട്രോളൊഴിച്ച് തീയിട്ടത്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. സംഭവം നടന്നതിനുശേഷം സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളൊന്നും വന്നിട്ടില്ല. ഇങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കുംവിധമാണ് അന്വേഷണത്തിന്റെ ദിശ നീളുന്നത്.
കൃത്യം ചെയ്തതിനുശേഷം അതേ ട്രെയിനില്‍ തന്നെയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂരില്‍ തങ്ങിയശേഷം മറ്റൊരു ട്രെയിനില്‍ സംസ്ഥാനം വിടുകയായിരുന്നു. വളരെയധികം സമയം സംസ്ഥാനത്തുണ്ടായിട്ടും ദ്രുതഗതിയിലുള്ള അന്വേഷണം നടത്തി പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്. അക്രമി പെട്രോളൊഴിച്ചാണ് ട്രെയിനില്‍ തീയിട്ടത്. എന്നിട്ടും എക്സ്പ്ലോസീവ് ആക്ട് അനുസരിച്ച് കേസെടുക്കാന്‍ തയ്യാറാവാത്തത് ബോധപൂര്‍വമാണ്. ഇതുപോലെതന്നെയാണ് യുഎപിഎ പ്രകാരം കേസെടുക്കാത്തതും. ഇക്കാര്യത്തിലൊക്കെ സത്യസന്ധവും നിയമപ്രകാരവുമുള്ള നടപടികളെടുക്കുകയല്ല, സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: