ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയിലും വിവാഹം കഴിക്കാനുള്ള സംവിധാനം വരുന്നു. സാധാരണ വിവാഹങ്ങള്‍ക്ക് വേണ്ടിയുള്ള കിഴക്കേനടയിലെ കല്യാണമണ്ഡപങ്ങളിൽ ഇനി രാത്രിയും വിവാഹങ്ങൾ നടത്താമെന്ന് ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.
ഇതുവരെയും ഉച്ചസമയം വരെയാണ് വിവാഹം അനുവദിച്ചിരുന്നത്. പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്‌ക്കുന്ന ഉച്ചയ്‌ക്ക് 1.30 വരെയായിരുന്നു വിവാഹങ്ങൾ നടന്നു വന്നിരുന്നു.
ഇനി മുതൽ രാത്രി കാലങ്ങളിലും വിവാഹം നടത്താം. എന്നാൽ വിവാഹങ്ങൾ എത്ര സമയം വരെ ആകാമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. രാത്രി 9 മണിയ്‌ക്ക് ശീവേലിക്ക് പുറത്ത് എഴുന്നെള്ളിക്കുന്നത് വരെയാണ് നട തുറന്നിരിക്കുക. നിലവിൽ മൂന്ന് കല്യാണമണ്ഡപങ്ങളാണ് കിഴക്കേ നടയിൽ ഉള്ളത്.ഇതിനു പുറമെ ഒന്ന് കൂടി ഉടൻ വരും.
ഒരു വർഷം ഏകദേശം 7000 ത്തോളം വിവാഹങ്ങൾ ഗുരുവായൂരിൽ നടന്നുവരുന്നു. ചില ദിവസങ്ങളില്‍ 246 വിവാഹങ്ങൾ വരെ നടന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ പോലും തിരക്ക് കാരണം മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് രാത്രിയിലും വിവാഹം നടത്താനുള്ള അനുമതി നല്‍കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: