ജയ് പൂര്: രാജസ്ഥാനിലെ അശോക് ഗെഹ് ലോട്ടിന്റെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ നിരാഹാരസമരവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. അഴിമതിയ്ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സച്ചിന് പൈലറ്റ് ആരോപിച്ചു. രാജസ്ഥാനിലെ അഴിമതിക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 11ന് നിരാഹാരമനുഷ്ഠിക്കുമെന്ന് സച്ചിന് പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് ബിജെപി നേതാവ് വസുന്ധര രാജെസിന്ധ്യയുമായി രഹസ്യ ധാരണയുള്ളതിനാലാണ് അക്കാലത്ത് നടന്ന അഴിമതികള്‍ അന്വേഷിക്കാത്തതെന്നും സച്ചിന് പൈലറ്റ് കുറ്റപ്പെടുത്തി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.
വിവിധ അഴിമതിക്കേസില്‍ അശോക് ഗെഹ് ലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സച്ചിന് പൈലറ്റ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയ്ക്കെതിരെ കോണ്‍ഗ്രസിന്റെ രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് സച്ചിന് പൈലറ്റ് സമരം ചെയ്യുന്നത് അമ്പരപ്പോടെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ നോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: