ന്യൂദല്‍ഹി : ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. ഇരുപത് മിനിറ്റിലേറെ പള്ളിയില്‍ മോദി ചെലവിട്ട മോദി പ്രാര്‍ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയര്‍ സംഘത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും ചെയ്തു. ക്രിസ്തുവിന്റെ രുപത്തിനു മുന്നില്‍ മെഴുകുതിരി തെളിക്കുകയും ചെയ്തു. മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് മടങ്ങിയത്.
നരേന്ദ്രമോദി രാവിലെ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓര്‍മിക്കുന്ന ദിവസമെന്നും മോദി ട്വീറ്റ് ചെയ്തു.
ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നു പള്ളിവികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന് പറഞ്ഞു. ”പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാള്‍ ചര്‍ച്ച് സന്ദര്‍ശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം” ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന് പറഞ്ഞു.
കേരളത്തിലും ബിജെപി നേതാക്കള്‍ സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആശംസകള്‍ നല്‍കാനായി കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കിനെ സന്ദര്‍ശിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ആശംസകള്‍ നേരാന്‍ ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയും മുന്‍ സംസ്ഥാന പ്രസിഡന്ര് പി കെ കൃഷ്ണദാസുമാണ് എത്തിയത്.
കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന് സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ മധ്യമേഖലാ അധ്യക്ഷന്‍ എന്‍ ഹരിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: