ബംഗളുരു : കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുളള അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ മികവും വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്നത് പരിഗണിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് , പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ജെ പി നദ്ദയുടെ വസതിയില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. അമിത് ഷാ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യദിയൂരപ്പ , പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടില് എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു.
ജില്ലാതലത്തിലും മണ്ഡലം തലത്തിലുമുളള വിശദാംശങ്ങളും സര്‍വേ ഫലങ്ങളും കയ്യിലുണ്ട്. ഇതൊക്കെ ഉപയോഗപ്പെടുത്തി ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെ രാവിലെയോ പുറത്തിറക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: