ആര്.വി. ബാബു
ഹിന്ദു ഐക്യവേദി വക്താവ്
വിശാല ഹിന്ദുസമ്മേളനത്തിന്റെ 41-ാമത് വര്‍ഷവും വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച വര്‍ഷവുമാണിത്. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ കേരളത്തിലെ ഹിന്ദുക്കള്‍ ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. വിപരീത സാഹചര്യങ്ങളെ മറികടക്കാനും അനുകൂല ഘടകങ്ങളെ സമാജത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്താനും കേരളത്തിലെ ഹിന്ദുസമാജത്തെ നയിക്കുന്നവര്ക്കാവണം. അതിനു കൂട്ടായ ആലോചനയും തയ്യാറെടുപ്പും പ്രവര്‍ത്തനവും അനിവാര്യമാണ്. ഇക്കാര്യത്തില്‍ വൈക്കം സത്യഗ്രഹം നമുക്ക് മാതൃകയാണ്. ഹിന്ദു നേതാക്കന്മാരുടേയും സംഘടനകളുടേയും ഭാവാത്മകമായ ഐക്യത്തിന്റ നിദര്‍ശനമായിരുന്നു വൈക്കത്ത് സംഭവിച്ചത്. നൂറു വര്‍ഷം കഴിഞ്ഞും ആ ഐക്യമാണ് കേരളത്തിലെ ഹിന്ദുസമാജം ആഗ്രഹിക്കുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ നടക്കുന്നത്.
കേരളം ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നത്. സംഘടിത മതശക്തിക്കു മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാര്‍, ഹിന്ദുക്കളെ ദ്രോഹിക്കുന്നതില്‍ ആത്മനിര്‍വൃതി കൊള്ളുകയാണ്. ജന്റര്‍ ന്യൂട്രാലിറ്റി, സ്തീപുരുഷ സമത്വം, സ്കൂള്‍ സമയ ക്രമത്തിലെ മാറ്റം, വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഈ സര്‍ക്കാര്‍ തങ്ങളുടെ തത്വാധിഷ്ഠിതമായ നിലപാട് സംഘടിത വര്‍ഗീയ താല്പര്യത്തിന് വേണ്ടി ബലി കഴിച്ചു. മതതീവ്രവാദത്തേയും മതമൗലീക വാദത്തേയും വോട്ട് ബാങ്കിനു വേണ്ടി പ്രീണിപ്പിക്കുകയാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍. ഹിന്ദു വംശഹത്യ നടത്തിയ 1921 ലെ മാപ്പിള ലഹളയെ വെള്ളപൂശി, അതു സ്വാതന്ത്ര്യ സമരമാണെന്ന് ഇവര്‍ പറയുന്നു. കൂട്ടക്കൊലകള്‍ക്കും കൂട്ട മതം മാറ്റങ്ങള്‍ക്കും കൂട്ട മാനഭംഗങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ക്കാനും നേതൃത്വം കൊടുത്ത വാരിയം കുന്നന് കുഞ്ഞഹമ്മദ് ഹാജിക്ക് സര്‍ക്കാര്‍ ചെലവില്‍ മലപ്പുറം ജില്ലാപഞ്ചായത്ത് സ്മാരകവും മ്യൂസിയവും നിര്‍മ്മിക്കാനൊരുങ്ങുകയാണ്. ലഹളയില്‍ ഇരകളായ ആയിരക്കണക്കിനു ഹിന്ദുക്കളെ ഓര്‍മ്മിക്കാന്‍ സര്‍ക്കാരോ പ്രതിപക്ഷ കക്ഷികളോ തയ്യാറല്ല. ഇതേ സര്‍ക്കാര്‍ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുച്ഛന് അദ്ദേഹത്തിന്റെ ജന്മനാട്ടില് അയിത്തം കല്‍പ്പിച്ച് അവഗണിച്ചിരിക്കുന്നതും കാണാതിരിക്കാനാവില്ല.
കേരളം ഭീകരവാദികളുടെ താവളമായി മാറിക്കഴിഞ്ഞു എന്നത് തര്‍ക്ക രഹിതമാണ്. നിരോധിക്കപ്പെട്ട ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും ശക്തവും സ്വാധീനവുമുളള സംസ്ഥാനം കേരളമാണ്. ആയുധ പരിശീലന ക്യാമ്പുകളും ആയുധ സമാഹരണവും ഒപ്പം തങ്ങളുടെ ജിഹാദ് നടപ്പിലാക്കാന്‍ പരിശീലനം സിദ്ധിച്ച ഹിറ്റ് സ്ക്വാഡുകളും അവര്‍ക്കുണ്ട്. കൊല ചെയ്യേണ്ടവരുടെ പട്ടികയും അവര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് കോടതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയത്. ഇതെല്ലാം കേരള പോലീസിന്റെ മൂക്കിന് താഴെ നടന്ന സംഭവമാണ്. പോലീസിനുള്ളില്‍ പോലും തീവ്രവാദ സ്വാധീനമുള്ളതായും ആയിരത്തോളം പോലീസുകാര്‍ക്ക് പിഎഫ്ഐ ബന്ധമുള്ളതായും എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ പുറത്താക്കപ്പെട്ടു.
മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ സ്വാധീനമുറപ്പിച്ചു. നേതാക്കളുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം തുറന്നു പറഞ്ഞ് സിപിഎമ്മില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് രാജിവച്ചത്. അക്രമങ്ങള്‍ക്ക് ആസൂതണം നല്കുന്നതില് കേരളീയരായ ഭീകരവാദികളുടെ പങ്ക് ആരെയും ഞെട്ടിപ്പിക്കും. യുപിയിലെ ഹത്രാസില്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ പേരിലാണ് കേരളീയനായ സിദ്ധിക് കാപ്പനേയും സഹായിയായി പ്രവര്‍ത്തിച്ച മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കെ.പി.കമാലിനേയും യുപി പോലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ കൊല ചെയ്തത് കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. തീവ്രവാദത്തിനെ ബൗദ്ധീക തലത്തില്‍ പിന്തുണക്കുന്ന വലിയ വിഭാഗം ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും ഇന്ന് കേരളത്തിലുണ്ട്. അടിസ്ഥാനപരമായി രാഷ്ട്ര വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ചിന്തയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒകള്‍ രൂപീകരിച്ച്, വിദേശ സഹായം കൈപ്പറ്റി കൊണ്ടാണ് ഈ രാജ്യ വിരുദ്ധ പ്രവര്‍ത്തനം ഇവര്‍ നടത്തിവരുന്നത്. ബ്രിട്ടീഷ് വ്യവസായിയായ ജോര്‍ജ് സോറോസ് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. കട്ടിങ്ങ് സൗത്ത് എന്ന പരിപാടി കേരളത്തില്‍ സംഘടിപ്പിച്ചത് വിഘടന ചിന്താഗതി വളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. തീവ്രവാദത്തിന് വളരാന്‍ അനുകൂലമായ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവത്തിലും തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് പറയുന്നു. മയക്കുമരുന്ന് കടത്ത്,സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം എന്നിവ തീവ്രവാദ സംഘടനകള്‍ ധനസമാഹരണത്തിനായി ഉപയോഗിക്കുകയാണ്. മുസ്ലീം മത വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മറവില്‍ പോലും സ്വര്‍ണ്ണ കള്ളക്കടത്ത് നിര്‍ബാധം നടത്തുന്നു. മയക്കുമരുന്ന് വ്യാപാരവും അപകടകരമാം വിധം വര്‍ദ്ധിച്ച് വരുകയാണ്. നമ്മുടെ പെണ്‍കുട്ടികളെയടക്കം മയക്കുമരുന്നിന്നടിമകളാക്കുകയും കാരിയര്‍മാരാക്കി തീവ്രവാദത്തിന്റെ കണ്ണികളാക്കുകയും ചെയ്യുന്നു. വളര്‍ന്നു വരുന്ന യുവശക്തിയെ നശിപ്പിച്ച് രാജ്യം ദുര്‍ബലമാക്കി കീഴ്പ്പെടുത്താനുള്ള ആഗോള ഭീകര വാദ അജന്‍ണ്ടയാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാല ബിഷപ്പിന്റെ പ്രസ്താവന സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
ക്ഷേത്രങ്ങള്‍ ഇന്ന് അപകടകരമായ ഭീഷണി നേരിടുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍പോലും അഴിമതിയും കെടുകാര്യസ്ഥതയുമാണുള്ളത്. ഇക്കഴിഞ്ഞ തീര്‍ത്ഥാടനകാലം ഭക്ത ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിത കാലമായിരുന്നു. പമ്പയും സന്നിധാനവും മാലിന്യത്താല്‍ നിറഞ്ഞു. മണിക്കൂറുകളോളം സ്ത്രീകളും കുഞ്ഞുങ്ങളും ദാഹജലം പോലും കിട്ടാതെ ക്യൂവില്‍ നിന്ന് നരകിച്ചു. പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കടുത്ത അനാസ്ഥയാണ് കാണിച്ചത്. മുന്നൊരുക്കങ്ങളോ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകളോ ഉണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് അല്പമെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങള്‍ വളരെ നിലവാരം കുറഞ്ഞതാണെന്ന അത്യന്തം ഗുരുതരമായ കണ്ടെത്തലാണ് ജസ്റ്റിസ് കെ.ടി. ശങ്കരന് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്രങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ക്ഷേത്രങ്ങളുടെ ഭരണസമിതികളില്‍ ഭരണകക്ഷിയില്‍പ്പെട്ടവരെ നിയമിച്ച് ക്ഷേത്രം പിടിച്ചടക്കാനുള്ള ആസൂത്രിത ശ്രമവും ഇതോടൊപ്പം നടക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇതു വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി തന്നെ ഇതിനെ വിമര്‍ശനവിധേയമാക്കുകയും ഭരണസമിതികളില്‍ നിന്ന് സജീവ രാഷ്ട്രീയക്കാരെ ഒഴിവാക്കണം എന്നു ആവശ്യപ്പെടുകയുമുണ്ടായി. ഉത്സവ ആഘോഷ സമിതികളില്‍ അന്യമതസ്ഥരായ അവിശ്വാസികളെ കൊണ്ടുവരുകയും ഹിന്ദു സംഘടനാ നേതാക്കളെ ഒഴിവാക്കുകയും ചെയ്ത് ക്ഷേത്രങ്ങള്‍ മതേതര ആഭാസങ്ങള്ക്കുള്ള വേദിയാക്കുന്നു. ഇതും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയാനോ അവകാശപ്പെട്ടത് തിരിച്ചുപിടിക്കാനോ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാവുന്നില്ല. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഹിന്ദു സമൂഹം ഒന്നടങ്കം തെരുവിലിറങ്ങാന്‍ തയ്യാറാവണം. ക്ഷേത്ര അനുഷ്ഠാന കലകളേയും ആചാരങ്ങളേയും ആഭാസകരമായ രീതിയില്‍ പാര്‍ട്ടി പ്രകടനങ്ങളില്‍ അവതരിപ്പിച്ച് സിപിഎം ഹിന്ദു വിശ്വാസിസമൂഹത്തെ വേദനിപ്പിക്കുകയാണ്. സാംസ്കാരിക മാനബിന്ദുക്കളെ തകര്‍ക്കാനാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്തീകളെ ലൈംഗീകമായി അധിക്ഷേപിച്ച നോവലിസ്റ്റിന് സാഹിത്യ അക്കാദമി പുര
സ്കാരം നല്‍കിയാണ് സര്‍ക്കാര്‍ ആദരിച്ചത്. അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. എന്നാല്‍ ഹിന്ദു യുവതി യുവാക്കളുടെ വൈവാഹിക ജീവിതത്തിന് ചൊവ്വാദോഷം പോലുള്ള വിശ്വാസങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് നാം തിരിച്ചറിയുകയും പരിഹാരം കാണുകയും വേണം. ജാതി ഭേദം ഇല്ലാതാക്കാന്‍ ശ്രമിച്ച ശ്രീനാരായണ ഗുരുദേവന് തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകരെ അപ്രസക്തമാക്കിയും അപമാനിച്ചും ജാതി സ്പര്‍ദ്ധ വളര്‍ത്താനാണ് ഒരു വിഭാഗം പുരോഗമന വാദികള്‍ കരുക്കള്‍ നീക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ സവര്‍ണ്ണത ആരോപിച്ച് ജാതി വികാരം കുത്തിയിളക്കാന്‍ നടത്തിയ ശ്രമങ്ങളെ തികച്ചും ആകസ്മികമായി കാണാനാവില്ല. ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് ഭരണം നിലനിര്‍ത്താനാണ് ഇവരുടെ തന്ത്രം. ഐക്യത്തിനുള്ള എല്ലാ ശ്രമങ്ങളേയും അവര്‍ കുത്സിത മാര്‍ഗത്തിലൂടെ തകര്‍ക്കുകയാണ്. രാഷ്ട്രീയ കുതന്ത്രങ്ങളില്‍ വീഴാതെ ഹൈന്ദവ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പരസ്പര സ്നേഹവും വിശ്വാസവും സഹവര്‍ത്തിത്വവും സഹകരണവും വര്‍ദ്ധിപ്പിക്കുകയും വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും വേണം.
ഭരണഘടനാദത്തമായി നല്‍കിവരുന്ന പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളത്തിലെ ഇടതു വലതു മുന്നണികള്‍ നടത്തുന്നത്. പട്ടികജാതി സംവരണം മതമാറിയവര്ക്കും നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് അവര്‍ ആവശ്യപെടുന്നത്. എന്നാല്‍ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെ മാത്രം നടക്കുന്ന എയ്ഡഡ് മേഖലയില്‍ സംവരണനയം നടപ്പിലാക്കണമെന്ന ന്യായമായ ആവശ്യത്തിന് നേരെ അവര്‍ കണ്ണടക്കുന്നു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴിലും മറ്റാനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ചെറുവിരലുപോലുമനക്കുന്നില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലൂടെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച ദേവികുളം എംഎല്‍എ എ.രാജയെ കോടതി അയോഗ്യനാക്കിയത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പട്ടികവിഭാഗങ്ങളുടെ ഫണ്ട് വകമാറ്റി അവരെ നിഷ്കരുണം സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. നാടാര്‍ ക്രിസ്ത്യാനികളെ ഒബിസി പട്ടികയില്‍പ്പെടുത്തി ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ സംവരണവും കവര്‍ന്നെടുക്കുകയാണ്. ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രമാണ്. മതാടിസ്ഥാനത്തിലുളള സംവരണം ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മുസ്ലീം സമുദായത്തെ ഒന്നാകെ ഒബിസിയില്‍പ്പെടുത്തി 10 മുതല്‍ 12% വരെ സംവരണം നല്‍കുന്നത് സാമൂഹ്യ നീതിയുടെ ലംഘനവും തികഞ്ഞ വര്ഗീയപ്രീണനവുമാണ്. കര്‍ണ്ണാടക സര്‍ക്കാരിനെ മാതൃകയാക്കി കേരള സര്‍ക്കാര്‍ മുസ്ലീം സംവരണം പാടെ അവസാനിപ്പിക്കണം.
അനുദിനം കുറഞ്ഞുവരുന്ന ഹിന്ദു ജനസംഖ്യാനിരക്ക് കേരളത്തില്‍ അതി ഗുരുതരമായ അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. മലബാറിലെ മാപ്പിള ലഹളയും വടക്ക് കാശ്മീരും ഹിന്ദുക്കള്‍ ന്യൂനപക്ഷമായാലുള്ള അപകടം നമ്മെ പഠിപ്പിക്കുന്നു. കേരളം ഭൂരിപക്ഷ ഹിന്ദു സംസ്ഥാനമാക്കി നിലനിര്‍ത്തേണ്ടത് ഹിന്ദുക്കളുടെ ഏറ്റവും മുന്‍ഗണനാര്‍ഹമായ ഉത്തരവാദിത്തമാണ്. ജനാധിപത്യവും മതേതരത്വവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്നവരും ഇതിനെ പിന്തുണക്കും. സ്തീകളുടെ സുരക്ഷയും തുല്യതയും വെറും ഏട്ടിലെ പശുവാണ്. സ്ത്രീ പുരുഷ സമത്വം ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. പുരോഗമന നടപടികളും നവോത്ഥാന പ്രവര്‍ത്തനങ്ങളും ഹിന്ദുക്കളില്‍ മാത്രം അടിച്ചേല്പിക്കുകയും ഹിജാബ് , സ്വത്താവകാശം, പൊതുരംഗത്തെ പങ്കാളിത്തം എന്നിവയില്‍ കടുത്ത അപരിഷ്കൃത നിലപാട് സ്വീകരിക്കുന്ന മതവിഭാഗങ്ങളോട് ഉദാരപൂര്‍ണ്ണമായ സമീപനവുമാണ് സര്‍ക്കാരിനും പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കുമുള്ളത്. ശരിയത്ത് ആണ് ശരി എന്ന് ഈ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു.
സാമ്പത്തിക മേഖലയില്‍ ഹിന്ദുക്കള്‍ ഇന്ന് വളരെ പിന്നോക്കാവസ്ഥയിലാണ്. സാമ്പത്തിക ശാക്തീകരണത്തിലൂടെ ഹിന്ദുക്കള്‍ സ്വാവലംബികളും സ്വാഭിമാനികളുമാവണം. കൃഷി, വാണിജ്യം, വ്യവസായം തുടങ്ങി പുതിയതും വ്യത്യസ്തവുമായ സംരംഭങ്ങളിലൂടെ യുവാക്കളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കണം. ഹിന്ദു യുവാക്കള്‍ക്ക് അതിനുവേണ്ട പരിശീലനവും പ്രോത്സാഹനവും ഒപ്പം ധൈര്യവും പകര്‍ന്നുനല്‍കണം. ഹിന്ദു സംഘടനകള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കണം. നമ്മുടെ കുട്ടികളില്‍ ഹിന്ദു സ്വാഭിമാനവും ആത്മവിശ്വാസവും വളര്‍ത്തി അവരെ ദേശഭക്തരും സമാജ സ്നേഹികളുമാക്കിത്തീര്ക്കാന് നാം കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: