ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയ്‌ക്ക് നിയന്ത്രണവിധേയമായ പാസ്പോര്‍ട്ട് നല്‍കി. ഉപരിപഠനത്തിനായി യുഎഇ മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ടു വര്‍ഷത്തെ പാസ്പോർട്ടാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ തീവ്രവാദിയല്ലെന്ന് ഇല്‍തിജ വാദിച്ചെങ്കിലും രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വെയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന ജമ്മു-കശ്മീർ പോലീസിലെ സിഐഡി രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയന്ത്രിത പാസ്പോര്‍ട്ട് മാത്രം നല്‍കിയതെന്നും ഇല്‍തിജ ആരോപിക്കുന്നു.
ഇൽതിജ 2022 ജൂണിൽ ഉപരിപഠനത്തിനായാണ് പാസ്‌പോർട്ട് പുതുക്കലിനായി അപേക്ഷിച്ചത് . ഒരു രാജ്യം മാത്രം സന്ദർശിക്കാൻ അനുവദിക്കുന്ന രണ്ട് വർഷത്തെ പാസ്‌പോർട്ട് വ്യാഴാഴ്ച പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ നിന്നും ഇൽതിജയ്‌ക്ക് ലഭിച്ചു. എന്നാൽ ഇത് പറ്റില്ലെന്നാണ് ഇൽതിജയുടെ നിലപാട് . താൻ തീവ്രവാദിയല്ലെന്നും തനിക്ക് സാധാരണ പാസ്പോർട്ട് നൽകണമെന്നുമാണ് ഇൽതിജ വാദിക്കുന്നു. പൊലീസ് പാസ്പോര്‍ട്ട് അപേക്ഷകള്‍ പലതും അട്ടിമറിക്കുകയാണെന്നും ഇല്‍തിജ ആരോപിച്ചു.
സിഐഡിയുടെ പ്രതികൂല റിപ്പോർട്ടിനു പിന്നാലെ പാസ്‌പോർട്ടിനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇൽതിജ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പിന്‍വലിപ്പിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും ഇല്‍തിജ ആരോപിച്ചു.
ഇല്‍തിജയുടെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീര്‍ പൊലീസ്
പാസ്പോര്‍ട്ടിനായി കിട്ടിയ അപേക്ഷകളിലെല്ലാം പാസ്പോര്‍ട്ട് അനുവദിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. 2020ല്‍ 77686 പേര്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു ഇതില്‍ 77644 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കി.
2021ല്‍ 75714 പേര്‍ പാസ്പോര്‍ട്ടിന്അപേക്ഷിച്ചു. അതില്‍ 75176 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കി. 2022ല്‍ 134315 പേര്‍ അപേക്ഷ നല്‍കി ഇതില്‍ 128939 പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിയെന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. മാത്രമല്ല, കോടതിയില്‍ പാസ്പോര്‍ട്ട് ഓഫീസിനും ജമ്മു കശ്മീര്‍ പൊലീസിനും എതിരെ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഇല്‍തിജയ്‌ക്ക് മേല്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വാര്‍ത്ത തെറ്റാണെന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കോടതിയില്‍ നല്‍കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ആരോപിക്കുന്ന ഒട്ടേറെ വ്യാജവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പലരും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
പാസ്പോര്‍ട്ട് നല്‍കും മുന്‍പ് വിശദമായ അന്വേഷണത്തിന് കാരണം മുന്‍കാല അനുഭവം
2017-18 കാലയളവിൽ 54 ആൺകുട്ടികൾക്ക് കൃത്യമായ പരിശോധനയൊന്നും കൂടാതെ പാസ്‌പോർട്ട് നൽകിയിരുന്നു. എന്നാല്‍ ഈ ആൺകുട്ടികൾ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് പോയി, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയിൽ പരിശീലനം നേടുകയായിരുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. അവരിൽ പലരും പിന്നീട് നിയന്ത്രണ രേഖ വഴി ജമ്മു കാശ്മീരിലേക്ക് പാകിസ്ഥാന്‍ തിരിച്ചുവിട്ടു . ഇതില്‍ 26 പേര്‍ പാകിസ്ഥാനില്‍ തന്നെ കൊല്ലപ്പെട്ടു. 12 പേര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പിന്നീട് ഇവരെ കുടുംബങ്ങളെ ഏല്‍പിച്ചു. ബാക്കി 16 പേര്‍ പാകിസ്ഥാനിലെ വിവിധ ക്യാമ്പുകളില്‍ പരിശീലനത്തിലാണ്. ഈ 54 പേര്‍ക്കും പാകിസ്ഥാനിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് നല്‍കിയത് ഹുറിയത്തുമായി ബന്ധപ്പെട്ട ചില രാഷ്‌ട്രീയ നേതാക്കളുടെ സ്വാധീനത്തിന്റെ പേരിലാണ്. എന്തായാലും ഇനി രാജ്യസുരക്ഷയ്‌ക്ക് തുരങ്കം വയ്‌ക്കുന്നുവെന്ന് സംശയമുള്ള കേസുകളിൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ പാസ്പോർട്ട് അനുവദിക്കേണ്ടൂ എന്നതാണ് ജമ്മു കശ്മീര്‍ പോലീസ് നിലപാട്. മാത്രമല്ല, ചിലപ്പോള്‍ അപേക്ഷിച്ച വ്യക്തിയുടെ തന്നെ നന്മയെ കരുതിയോ അതല്ലെങ്കില്‍ പൊതുജനത്തിന്റെ നന്മയെക്കരുതിയോ ആണ് പാസ്പോര്‍ട്ട് അപേക്ഷകളില്‍ ചില കേസുകളില്‍ തള്ളിക്കളയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: