ന്യൂദല്‍ഹി : സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകന് സി.ആര്. കേശവന് ബിജെപിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണിയും ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സി.ആര്. കേശവന്കൂടി ബിജെപിയില്‍ എത്തിയത്.
ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിയുമായ വി.കെ. സിങ്ങില്‍ നിന്നാണ് സി.ആര്. കേശവന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയ നയങ്ങളും അഴിമതി രഹിത ഭരണവും വികസന അജണ്ടയുമൊക്കെയാണ് ദുര്‍ബലമായ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയത്.
ബിജെപിയില്‍ ചേര്‍ന്ന് രാജ്യ വികസനത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ താത്പ്പര്യപ്പെടുന്നതെന്നും സി.ആര്. കേശവന് പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരി 23ന് സി.ആര്. കേശവന് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചതാണ്.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് യോജിക്കാനാകുമെന്ന് ഇനി പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ദേശീയ ചുമതലകള്‍ ഏറ്റെടുക്കാതിരുന്നതും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നും സിആര്‍ കേശവന് നേരത്തെ പ്രതികരിച്ചിരുന്നു. പിന്നീട് രണ്ട് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാണുന്നില്ലെന്ന് അറിയിച്ചുകൊണ്ട് കേശവന് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: