തിരുവനന്തപുരം: ഏലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസില്‍ തീവ്രവാദബന്ധമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂോയുമാണ് തീവ്രവാദബന്ധമുണ്ടെന്ന സൂചന പുറത്തുവിട്ടത്.
ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്
പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തില്‍ എത്തിയത് സ്വന്തം നിലയ്ക്കല്ലെന്നും ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നതാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ട്രെയിനിലെ ഒരു ബോഗി പൂര്‍ണ്ണമായും കത്തിക്കാനായിരുന്നു പദ്ധതി. ഇതിലൂടെ വലിയൊരു ആക്രമണമാണ് ലക്ഷ്യമിട്ടിരുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
കോഴിക്കോട് ഏലത്തൂരിലുണ്ടായ തീവണ്ടിയിലെ തീവെപ്പ് കേസില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനാവുമെന്ന് എന്‍ഐഎ കരുതുന്നു.
മൂന്ന് കുപ്പി പെട്രോള്‍ ഉപയോഗിച്ച് ഒരു ബോഗി മുഴുവന്‍ കത്തിക്കാന്‍ പദ്ധതി
ട്രെയിനിലെ ഒരു ബോഗി പാടെ കത്തിക്കാന്‍ വേണ്ട പെട്രോള്‍ ഷാരൂഖ് സെയ്ഫിയുടെ കയ്യില്‍ ഉണ്ടായിരുന്നു. മൂന്ന് കുപ്പി പെട്രോളായിരുന്നു ഇയാള്‍ കൈവശം വെച്ചിരുന്നത്. എന്നാല്‍ ചില പാളിച്ചകള്‍ മൂലം ഇയാള്‍ക്ക് കൃത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. അവര്‍ മാസങ്ങളായി ഷാരൂഖിനെ ഈ കൃത്യം നടത്താനായി പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ മറഞ്ഞിരിക്കുകയാണ്. തെളിവുകള്‍ കിട്ടാതിരിക്കാന്‍ ഷാരൂഖുമായി കാര്യമായ മറ്റ് ബന്ധപ്പെടുലുകള് ഇവര്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാകാം ഷാരൂഖ് സെയ്ഫിക്ക് പരിശീലനം നല്‍കാതിരുന്നത്.
രക്ഷപ്പെട്ടതിന് പിന്നില്‍ വന്‍ ആസൂത്രണം
ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണവും സഹായവും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സി പറയുന്നു. അതേ സമയം കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കേരള പൊലീസോ സര്‍ക്കാരോ തീരുമാനിച്ചിട്ടില്ല. പ്രതിപക്ഷം മാത്രമാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. തീവ്രവാദബന്ധം ചോദ്യം ചെയ്യലില്‍ തെളിഞ്ഞാല്‍ കേസ് എന്‍ഐഎയ്ക്ക് വിടാമെന്നതാണ് കേരള പൊലീസിന്റെ നിലപാട്.
കേരളം കേസ് കൈമാറാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. അതനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ എന്ഐഎഎയെക്കൊണ്ട് അന്വേഷിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: