ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കുശേഷം രാജ്യത്തെ ടൂറിസം വ്യവസായം പുനരുജ്ജീവനത്തിന്റെ സൂചനകള്‍ കാണിക്കാന്‍ ആരംഭിച്ചു. ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, 2022 ല്‍ ഇന്ത്യയ്ക്ക് 6.19 ദശലക്ഷം വിദേശ ടൂറിസ്റ്റുകളെയാണ് (എഫ്ടിഎ) ലഭിച്ചത്. 2021ലെ അതേ കാലയളവില്‍ ഇത് 1.52 ദശലക്ഷമായിരുന്നു.
2019നു മുമ്പുള്ള വര്‍ഷത്തില്‍ ഇന്ത്യയില്‍ 10.93 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് (എഫ്ടിഎ) ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയത്തിനു കീഴിലെ സ്വദേശ് ദര്ശന്, പ്രസാദ്, എന്നീ പദ്ധതികളും കേന്ദ്ര ഏജന്‍സികളുടെ സഹായത്താല്‍ സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ / കേന്ദ്ര ഏജന്‍സികള്‍ എന്നിവയ്ക്ക് ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ധനസഹായം നല്കുന്നു. സഞ്ചാരികള്‍ക്ക് ഇതിലൂടെ മികച്ച അനുഭവം നല്‍ക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് സേവനം നല്‍കുന്നതിനായി ടൂറിസം മന്ത്രാലയം 1800111363 എന്ന ടോള്‍ ഫ്രീ നമ്പറിലോ 1363 എന്ന ഷോര്‍ട്ട് കോഡിലോ 10 അന്താരാഷ്ട്ര ഭാഷകളായ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, അറബിക് പുറമെ ദേശീയ അന്തര്‍ദേശീയ സഞ്ചാരികള്‍ക്കായി ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ 12 ഭാഷകളില്‍ 24×7 ബഹുഭാഷാ ടൂറിസ്റ്റ് ഇന്‍ഫോ ഹെല്പ്ലൈന് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയിലെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന വിനോദസഞ്ചാരികള്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശം നല്‍കാനും സാധിക്കുന്നു.
നിലവില്‍ രാജ്യത്തുടനീളമുള്ള 55 സ്ഥലങ്ങളിലാണ് ജി20 മീറ്റിംഗുകള്‍ നടക്കുന്നത്. ജി20 സമ്മേളനങ്ങളുടെ ഭാഗമായി ഈ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ മീറ്റിംഗുകള്‍ക്ക് മുന്നോടിയായി ടൂറിസം ഓഫറുകള്‍ എടുത്തുകാണിക്കുന്നു. സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിനിധികളുടെ ഉല്ലാസയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ജി 20 പ്രതിനിധികളെ അവരുടെ രാജ്യങ്ങളിലേക്ക് ടൂറിസം അംബാസഡര്‍മാരായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പ്രധാനപ്പെട്ട ടൂറിസം സൈറ്റുകളും സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇന്നലെ രാജ്യസഭയില്‍ വടക്കുകിഴക്കന്‍ മേഖലയുടെ സാംസ്കാരിക, ടൂറിസം, വികസന മന്ത്രി ജി കിഷന് റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: