തിരുവനന്തപുരം: പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് കണ്ടെത്തുമെന്ന പ്രഖ്യാപനം പാളി. പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയശേഷവും വിജിലന്‍സിലേക്ക് നിയമനം. ഏപ്രില്‍ ഒന്നിന് നടത്തിയ പരീക്ഷയ്ക്ക് പുറമെ വീണ്ടും പരീക്ഷ നടത്താനും തീരുമാനം.
വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയാറാക്കുമെന്ന് മാര്‍ച്ച് രണ്ടിനാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ഇത്തരക്കാരുടെ ഡാറ്റാ ബേസ് തയാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും, ഇവരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കും തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം മുന്നോട്ടുവച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് മുന്നോട്ട് നീങ്ങുകയും ചെയ്തു.
എന്നാല്‍ മാര്‍ച്ച് 17ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവില്‍ 17 പേരെയാണ് പോലീസില്‍ നിന്നും വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളിലേക്ക് നിയമിച്ചത്. പരീക്ഷ പ്രഖ്യാപിച്ചശേഷവും നടത്തിയ സ്ഥലംമാറ്റം ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഏപ്രില്‍ ഒന്നിനായിരുന്നു പരീക്ഷ. എന്നാല്‍ ഈ പരീക്ഷ കൂടാതെഏപ്രില് 20ന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. 12 വരെ അപേക്ഷിക്കാം.
ഏപ്രില്‍ ഒന്നിന് നടത്തിയ പരീക്ഷ എല്ലാവരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് വീണ്ടും പരീക്ഷ നടത്തുന്നത്. രണ്ട് പരീക്ഷയും കൂടി ഒന്നിപ്പിച്ച് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ട് പരീക്ഷകളെ ഒന്നിപ്പിക്കുന്നത് സാങ്കേതികപരമായി ശരിയാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു. രണ്ട് തരം ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷകള്‍ എങ്ങനെ ഒരു മൂല്യനിര്‍ണയത്തില്‍ പെടുത്താനാകുമെന്നും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: