മഞ്ചേരി: മഞ്ചേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന് സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടി ഐസിയുവില്‍. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനില്‍കുമാറിന്റെയും സഹോദരിയുടെയും നാലു കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. മഞ്ചേരി ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന കുഴി മന്തിയുടെ പേരിലുള്ള കൗസര്‍ കുഴിമന്തിയെന്ന സ്ഥാപനത്തില്‍ നിന്ന് കുടുംബത്തിലെ മുതിര്‍ന്ന ആളുകളും കുട്ടികളും അടക്കം എട്ട് പേര് കുഴി മന്തിയും അല്‍ഫാമും കഴിച്ചിരുന്നു. അന്ന് രാത്രി തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
അനില്‍ കുമാറിന്റെ മൂന്ന് മക്കളായ അമര്‍നാഥ് (12) അഭിനവ് (7), അദ്വൈദ് (മൂന്നര വയസ്സ്) സഹോദരിയുടെ മകളായ അഖില (12) എന്നിവര്‍ക്കാണ് കുഴിമന്തി കഴിച്ച് അസ്വാസ്ഥതകള്‍ ഉണ്ടായത്. കുട്ടികള്‍ക്ക് കടുത്ത പനിയും, വയറ് വേദനയും, ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.
ചികിത്സ തേടിയതിനെ തുടര്‍ന്ന് മൂന്നര വയസ്സ് പ്രയമുള്ള അദ്വൈദ് ഒഴിച്ചുള്ള മറ്റുള്ളവര്‍ക്ക് താത്ക്കാലിക ശമനം ഉണ്ടായി. എന്നാല്‍ അദ്വൈദിന് രോഗം കൂടുകയും കടുത്ത പനിയും അപസ്മാരകം അടക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ സ്കാനിംഗ് ചികിത്സക്ക് സൗകര്യം കുറവാണ് എന്ന് പറഞ്ഞ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്കാനിംഗ് അടക്കമുള്ള പരിശോധന ചെയ്ത് ഭക്ഷ്യ വിഷബാധയാണ് എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ഷിഗല്ല രോഗമായി മാറിയെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ് അദ്വൈദ്. കണ്ണ് തുറക്കാനോ സംസാരിക്കാനോ ആവാത്ത സ്ഥിതിയിലാണ് കുട്ടി. മറ്റു കുട്ടികള്‍ക്ക് ക്ഷീണം ഉള്‍പ്പടെയുള്ള അസ്വസ്ഥത തുടരുന്നതിനാല്‍ കള്‍ച്ചര്‍ അടക്കമുള്ള ടെസ്റ്റ് ചെയ്തിട്ടുണ്ട്. റിസള്‍ട്ട് വന്നതിന് ശേഷം മാത്രമെ കൂടുതല്‍ വിവരം പറയാനാവു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഹോട്ടലിനും ഉടമയ്ക്കും എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അനില്‍കുമാറും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: