ന്യൂദല്‍ഹി : അനില്‍ ആന്റണി മികച്ച സാമൂഹിക രാഷ്‌ട്രീയ നേതാവാണ്. ബിജെപി സ്ഥാപക ദിനത്തില്‍ തന്നെ ബഹുമുഖ വ്യക്തിത്വമുള്ള അനില്‍ ആന്റണിയേ പോലെയുള്ളവര്‍ ബിജെപിയില്‍ എത്തിയത് സന്തോഷം നല്‍കുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പീയുഷ് ഗോയല്‍ അറിയിച്ചു. ദല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അനില്‍ ആന്റണിക്ക് അംഗത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിടെക് ബിരുദത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള വ്യക്തിയാണ് അനില്‍ ആന്റണി. വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബിബിസി വിഷയത്തില്‍ അനില്‍ രാജ്യതാത്പര്യത്തിനൊപ്പം നിന്നു. ഇതിന്റെ പേരില്‍ അനില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാന ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അനിലിന് സാധിക്കും. അനില്‍ മികച്ച സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണി രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യ താത്പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഹൈന്ദവ വിഭാഗത്തില്‍ നിന്ന് അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടിയാണ് അനില്‍ ആന്റണിയുടെ പ്രവേശനം. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത് ഏറെ സന്തോഷമാണ്. അനില്‍ ആന്റണി ഏതാനും നാളുകളായി വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ രാഷ്‌ട്ര താത്പ്പര്യം ഉയര്‍ത്തിപ്പിടിച്ചു.
കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്തും അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ ഇതില്‍ ബിബിസി ഡോക്യുമെന്ററി വിവാദത്തിലുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനപ്പുറത്ത് രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് ബിജെപിയുടെ കുടക്കീഴില്‍ വരാന്‍ സന്നദ്ധനാകുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ സൂചനയാണ് അനില്‍ ആന്റണിയുടെ പ്രവേശനമെന്ന് വി. മുരളീധരനും അറിയിച്ചു. വ്യാഴാഴ്ച മൂന്ന് മണിയോടെ കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനുമൊപ്പം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്റണി. ബിബിസി ഡോക്യുമെന്ററി വിവാദത്തിലുള്ള പ്രതികരണത്തിന് പിന്നാലെ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസി. ഇറാഖ് യുദ്ധത്തിന്റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ എന്നായിരുന്നു അനിലിന്റെ ട്വീറ്റ്. ഇത് വിവാദമായതോടെ അനില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു.
പിന്നീട് 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്നും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസന്‍ ഉയര്‍ത്തിയ പ്രസ്താവനയ്‌ക്കെതിരേയും അദ്ദേഹം പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: