തിരുവനന്തപുരം: എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതി ഷാരുഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡിജിപി. അനില്‍കാന്ത് ഒറ്റയ്‌ക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആക്രമണത്തിനായി ഷാരുഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്ന് അറിയേണ്ടതുണ്ട്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ പരിശോധിക്കും. ഷാരുഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ആക്രമണത്തെ കുറിച്ചുള്ള പൂര്‍ണ്ണ ചിത്രം ലഭിച്ചതിന് ശേഷമേ യുഎപിഎ ചുമത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പറയാന്‍ സാധിക്കുവെന്നും ഡിജിപി പറഞ്ഞു.
വൈദ്യപരിശോധനയക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് അതിനുശേഷം മാത്രമേ വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇയാളുടെ യൂട്യൂബ് ചാനല്‍ അടക്കമുള്ളവ പരിശോധിച്ച് വരികയാണ്.
മഹാരാഷ്‌ട്ര എടിഎസ്, കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ രത്‌നഗിരിയില്‍ പിടി കൂടിയതെന്ന് ഡിജിപി ആവര്‍ത്തിച്ചു. വ്യക്തമായ സൂചനകളെ പിന്തുടര്‍ന്ന് ശരിയായ സമയത്ത് ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ പ്രതി പിടിയിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: