കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ വൈദ്യ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഷാറൂഖ് സെയ്ഫിന്റെ ദേഹത്ത് പോള്ളലേറ്റതിന്റേയും പരിക്കിന്റേയും പാടുകളുണ്ട്. മുഖത്തുള്‍പ്പടെ പാടുകള്‍ ഉള്ളതിനാല്‍ പരിക്കുകളുടെ സ്വഭാവവും പഴക്കവും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് നിലവില്‍ പരിശോധന നടത്തുന്നത്.
കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇതിനായി ഉന്നത നേതൃത്വ സംഘം കോഴിക്കോട് എത്തി കഴിഞ്ഞു. ട്രെയിനിന് തീയിട്ട സംഭവത്തില്‍ തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്കിയ ഉപദേശമാണെന്നാണ് ഷാരുഖ് സെയ്ഫി ആദ്യം മൊഴി നല്‍കിയിട്ടുള്ളത്. ആക്രമണം നടത്തിയാല്‍ തനിക്ക് നല്ലത് വരുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇതാരാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഷാരുഖ് സെയ്ഫിയെ കോഴിക്കോട് എആര്‍ ക്യാമ്പില്‍ എത്തിച്ചത്.
അതേസമയം വൈദ്യപരിശോധനയ്ക്കായി ഷാരുഖിനെ പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് നാടകീയമായി. പ്രതിയെ പാര്‍പ്പിച്ചിരുന്ന മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പില്‍ നിന്നും ആദ്യം ഒരു വാന്‍ പ്രതിയുമായി എത്തിയെന്ന് മാധ്യമങ്ങളെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ച് എത്തിയിരുന്നു. അതിനുശേഷം അത് പുറത്തേയ്ക്ക് പോവുകയും മറ്റൊരു വാഹനത്തില്‍ ഷാരുഖിനെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് സമീപത്തുള്ള പോലീസ് സര്‍ജന്റെ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു.
അതിനിടെ ഷാരുഖിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി കേരള പോലീസ് ദല്‍ഹിയിലെത്തി ഇയാളുമായി അടുത്ത ആളുകളെ ചോദ്യം ചെയ്തു. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. ഇതിനായി ഇയാളുടെ കോള്‍ റെക്കോര്‍ഡ് ഡേറ്റ പരിശോധിച്ച് വിവരം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ എട്ട് പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: