ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഈ മാസം 8, 9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. എട്ടാം തീയതി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തി സെക്കന്തരാബാദ് -തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്യും.
ഉച്ചയ്‌ക്ക് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അവിടെ ഹൈദരാബാദിലെ ബിബിനഗര്‍ എയിംസിന് തറക്കല്ലിടും. അഞ്ച് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിടുന്ന അദ്ദേഹം റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.
അന്ന് തന്നെ പ്രധാനമന്ത്രി ചെന്നൈയില്‍ വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യും. പരിപാടിയില്‍ മറ്റ് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും ഫഌഗ് ഓഫും അദ്ദേഹം നിര്‍വഹിക്കും.
തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125ാം വാര്‍ഷികാനുസ്മരണ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് ചെന്നൈ ആല്‍സ്‌ട്രോം ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
9ന് രാവിലെ പ്രധാനമന്ത്രി ബന്ദിപ്പൂര്‍ കടുവാസങ്കേതം സന്ദര്‍ശിക്കും. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. മൈസൂരിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ പ്രോജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ അനുസ്മരണ പരിപാടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.പ്രാജക്ട് ടൈഗര്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്മരണാര്‍ത്ഥം നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: